Friday, March 25, 2016

വ്യാധഗീതാപ്രഭാഷണം - A Story

വ്യാധഗീതാപ്രഭാഷണം: വിദ്യാധരൻ പുൽച്ചാടി (10 A.M, ക്ണാശ്ശീരി)


കഥ                                                                         എം. നന്ദകുമാർ  

                                                                                                

          ക്ണാശ്ശീരിയുടെ മേച്ചിൽപ്പുറങ്ങളിൽ പത്ത് മണിയുടെ വെയിൽ പരക്കുന്നു.  ഷിബു എന്ന ഋഷഭം ഗോമതിപ്പശുവുമൊത്ത് പുൽമേടുകളിൽ നടക്കുന്നു. (കൂടുതൽ പശ്ചാത്തലവിവരണം ആവശ്യമില്ല - ക്ഷേമേന്ദ്രന്റെ ഔചിത്യവിചാരചർച്ച* പിൻപറ്റുകയാണെങ്കിൽ.)  

പാഴിലകൾക്കിടയിൽ 'ക്ണാശ്ശീരി ടൈംസി'ന്റെ ഏതാനും ഏടുകൾ കിടപ്പുണ്ടായിരുന്നു. പത്രം അകത്താക്കുന്നതിന്  മുമ്പ് ഷിബു മുൻപേജിലൂടെ കണ്ണോടിച്ചു . 

"എടിയേ! ഗോമതിയേ..."ഷിബു നീട്ടി വിളിച്ചു: "നിനക്കിതാ നല്ല കാലം വരാൻ പോകുന്നു."

ഗോമതി ചെവികൾ പൊക്കി:  "അതിനിയെങ്ങിനെ വരാനാ, ഷിബുച്ചേട്ടാ?"

"നീയിത് കണ്ടോ? ......'ക്ണാശ്ശീരിയിൽ ഗോവധനിരോധനം'..."

ഗോമതി ഷിബുവിനെ സാകൂതം നോക്കി: "രാവിലെത്തന്നെ വല്ല കൊട്ടിക്കള്ളിക്കായയും അകത്താക്കി ആര്യപുത്രൻ ഫിറ്റായോ?"

അല്ലെന്ന് ഷിബു കൊമ്പുകൾ കുലുക്കി:

"രാമങ്കുട്ടി മൂത്താർ നിന്റെ അകിട്ടിലെ അവസാന തുള്ളി പാലും ചോരയും ഊറ്റിയാലും നിന്നെ കൊല്ലാൻ കൊടുക്കത്തില്ല.... പശുവിനെ അറക്കുന്നവനെ അറക്കാൻ നിയമം പാസ്സായി."

ക്ണാശ്ശീരിക്കാർക്ക് ഇങ്ങനെയൊരു മനംമാറ്റത്തിന് സംഗതിയെന്ത്? ഗോമതി ആശയക്കുഴപ്പത്തിലായി. 

ഷിബു തവിട്ടു പല്ലുകൾ കാട്ടി ചിരിച്ചു:

"ഇനി മുതൽ നീയാണ് അംശംഅധികാരികളുടെ പുണ്യപൂജനീയമാതാശ്രീ...ക്ണാശ്ശീരി ദേശീയമൃഗം."

"മ്പേ...മ്പേ..." ഗോമതി ആഹ്ലാദത്തിമർപ്പിൽ അമറി. പിന്നെ, ചിന്താവിഷ്ടയായി: "ചേട്ടാ... കാളപോത്ത്മൂരിക്കുട്ടൻ ജൻഡറിന് ഈ ഭേദഗതി ബാധകമാണോ? സൂക്ഷിച്ചൊന്ന് വായിച്ചേ ... രാഷ്ട്രീയനിരീക്ഷകർ വല്ലതും സൂചിപ്പിച്ചിട്ടുണ്ടോന്ന് ?"

എഡിറ്റോറിയലും വാചകമേളയും അയവിറക്കി ഷിബു ദുഃഖത്തോടെ താടയാട്ടി:

"തത്ക്കാലം പഴുതുകളൊന്നും കാൺമാനില്ല, പൊന്നേ... മുതുക്കനായാൽ ഞാൻ വല്ല ഇറച്ചിക്കടയിലും ഇരുമ്പ് കൊളുത്തിൽ തൂങ്ങിക്കിടക്കും. ഫാസ്ബിൻഡർ* സിനിമയിലെ ചുവന്ന ഫ്രെയിം പോലെ."


പോസ്റ്റ്‌ ഫ്രോയിഡിയൻ-ഴാക് ലാകാനിയാൻ* മന:ശ്ശാസ്ത്രനിരീക്ഷണത്തിൽ ഷിബു നിരാശ മറച്ച് വെച്ചു: 

"മനുഷ്യർ, അവരുടെ കാസ്ട്രേഷൻ ഫിയർ മറികടക്കും വരെ ഞങ്ങളുടെ വരിയുടക്കട്ടെ."



മേൽപ്പറഞ്ഞ കാള-പശു ഡിസ്കോഴ്സിന് ചെവിയോർത്ത് തൊട്ടടുത്തുള്ള കാട്ട്തെച്ചിക്കൂട്ടത്തിൽ ഒരു പുൽച്ചാടി ഇരുപ്പുണ്ടായിരുന്നു. കഴിഞ്ഞ ജന്മത്തിൽ കാൻസാസ് സ്റ്റേറ്റ് സർവ്വകലാശാലയിൽ ഒരു റിസർച്ച് സ്കോളറായിരുന്നു പ്രസ്തുത പുൽച്ചാടി. പേര് വിദ്യാധരൻ. വിഷയം 'മതബലികളും രാഷ്ട്രതന്ത്രങ്ങളും'. വകതിരിവില്ലാതെ മോഷ്ടിച്ച, പടിഞ്ഞാറൻ സോഷ്യോളജി ആശയങ്ങളിൽ പോലും ഉറച്ച് നില്ക്കാൻ വിദ്യാധരന് കഴിഞ്ഞില്ല. മരണാനന്തര ബാലൻസ് ഷീറ്റ് പരിശോധിച്ച ചിത്രഗുപ്തൻ വിധിച്ചു: "നീയൊരു പുൽച്ചാടിയായി പോകട്ടെ." 

വിദ്യാധരൻ ചിന്തിച്ചു: മനുഷ്യരുടെ കർമ്മങ്ങളും നീതിശാസ്ത്രങ്ങളും പിടികിട്ടാൻ മറ്റ് ജീവജാലങ്ങൾക്ക് യാതൊരു മാർഗ്ഗവുമില്ല. ഏതായാലും മനുഷ്യകേന്ദ്രീകൃതമായ ഈ Anthropomorphic വ്യാഖ്യാനവ്യൂഹത്തിൽ ഷിബുവും ഗോമതിയും വെറുമൊരു പുൽച്ചാടിയായ ഞാനും അകപ്പെട്ടു കഴിഞ്ഞു. എന്നിരിക്കെ, കഴിഞ്ഞ ജന്മത്തിൽ സ്കോളറാകാൻ വേണ്ടി വായിച്ച വ്യാധഗീതയുടെ രത്നച്ചുരുക്കം ഈ നാൽക്കാലികളുമായി ചർച്ച ചെയ്യുക തന്നെ. രാത്രിയിൽ സാപ്പിട്ട രാസവിഷം ഭക്തിമാർഗത്തിൽ വിരേചിച്ച് കളയാൻ സാധിച്ചാലോ...







തെച്ചിപ്പൊന്തയുടെ മേൽഭാഗത്തുള്ള ഒരു കമ്പിലേക്ക് ചാടിക്കയറി വിദ്യാധരൻ പ്രഭാഷണമാരംഭിച്ചു:

"അല്ലയോ , കാളശ്രേഷ്ഠാ, പശുമാതാവേ... നരവംശം കൊണ്ടാടുന്ന അനേകം പുരാണങ്ങളിൽ ഒന്നാണ് മഹാഭാരതം. ആ ഗ്രന്ഥത്തിലുള്ള വനപർവ്വത്തിലെ ഒരു ഭാഗം ഞാൻ സംക്ഷിപ്തമായി പറയാം. വ്യാധഗീത അഥവാ അറവ്കാരന്റെ ധർമ്മോപദേശം. മാർക്കണ്ഡേയ മുനി യുധിഷ്ഠിരന് പറഞ്ഞ് കൊടുത്ത കഥയാണിത്. നിങ്ങളുടെ വ്യഥകൾക്ക് സ്വല്പം ശമനമാകുമെന്ന് കരുതിയാണ് ഞാനീ ഗീതാപാരായണയജ്ഞത്തിനു മുതിരുന്നത്."

ഷിബുവും ഗോമതിയും ദത്തശ്രദ്ധരായി വിദ്യാധരന് മുന്നിൽ ചെരിഞ്ഞ് കിടന്നു. അവരെ ചുറ്റിപ്പറ്റി കുറേ കടിയൻ പ്രാണികളും ഏതാനും തടിയൻ ഈച്ചകളും നാലഞ്ച് കാക്കകളും എത്തിയതോടെ തെച്ചിപ്പൊന്തക്ക് താഴെ സദസ്സ് നിറഞ്ഞുകവിയുകയായി. 

വിദ്യാധരൻ പച്ചച്ചിറകുകൾ വിടർത്തി വീശി. നെറ്റിയിലെ നീളൻ സ്പർശനികൾ പൂർവ്വജന്മത്തിലേക്ക് ആന്റിനകളായി നിവർത്തിപ്പിടിച്ചു. അതോടെ കൻസാസ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച തീസിസിലെ ഉദ്ധരണികൾ വിദ്യാധരന് വെളിപാട് സിഗ്നലുകളായി. സദസ്സിന് കൈകൂപ്പി പുൽച്ചാടി പറഞ്ഞു തുടങ്ങി:

"പണ്ട് പണ്ട്, കൗശികൻ എന്നൊരു ബ്രാഹ്മണകുമാരൻ വൃദ്ധരായ മാതാപിതാക്കളെ വീട്ടിൽ തനിച്ചാക്കി, കാട്ടിലേക്ക് പോയി. ആത്യന്തികസത്യം എന്നൊന്നുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ സ്വരൂപമെന്ത്, ധർമ്മം എന്നാലെന്ത്, അത് നിർവ്വഹിക്കേണ്ടത് എപ്രകാരം? മുതലായ ചോദ്യങ്ങളാണ് കൗശികനെ അലട്ടിയിരുന്നത് ...

വനത്തിനുള്ളിൽ പറ്റിയൊരു സാലവൃക്ഷത്തണൽ കണ്ടെത്തി, കൗശികൻ ഉഗ്രതപസ്സാരംഭിച്ചു. കായ്കനികൾ ഭക്ഷിച്ചും പുഴവെള്ളം കുടിച്ചും മനുഷ്യരുടെ കണക്ക് പ്രകാരമുള്ള കൊല്ലങ്ങൾ കുറേ കടന്നു പോയി. തടി മെലിഞ്ഞതും ജട പിടിച്ചതും മിച്ചം. യുവസന്ന്യാസിക്ക് മോക്ഷമാർഗ്ഗത്തെക്കുറിച്ച് യാതൊരു എത്തും പിടിയും കിട്ടിയില്ല. 

അങ്ങിനെയിരിക്കെ, ഒരു നട്ടുച്ച നേരത്ത് അദ്ദേഹത്തിന് നെറുകുംതലയിൽ ഒരു തണുപ്പനുഭവപ്പെട്ടു. മൂലാധാരത്തിൽ നിന്ന് കുണ്ഡലിനിയുണർന്ന് സഹസ്രാധാരപത്മത്തിലെത്തി ബോധോദയം വന്നുദിച്ചോ? യുവയോഗി തലയിൽ തപ്പി നോക്കി. മരക്കൊമ്പിലിരുന്ന് ഒരു കാക്ക തൂറിയതായിരുന്നു. കൗശികൻ ക്രോധത്തോടെ കാക്കയെ തുറിച്ച് നോക്കി. ഹമ്പോ! ആശ്ചര്യമെന്നേ പറയേണ്ടൂ... കൗശികന്റെ നോട്ടമേറ്റതും കാകൻ കരിഞ്ഞ് വെണ്ണീറായി!!

ആദ്യത്തെ അമ്പരപ്പ് മാറിയതിന് ശേഷം നമ്മുടെ കൗശികന് കാര്യം പിടികിട്ടി. അതായത്, തനിക്ക് ദിവ്യശക്തി കൈവന്നിരിക്കുന്നു. സംന്യാസചര്യയിൽ അടുത്ത പടി ഭിക്ഷാടനമാണ്. പോരാത്തതിന് നല്ല വിശപ്പും. കൗശികൻ തപ:സ്ഥാനം വിട്ട്, കാടും കടന്ന് നടന്നു. ഗ്രാമാതിർത്തിയിൽ ആദ്യം കണ്ട വീട്ടിലേക്ക് കയറി. വീട്ട്തിണ്ണക്കരികിൽ ഭിക്ഷ പ്രതീക്ഷിച്ച് നില്പായി .

അടുക്കളയിൽ നിന്ന് താളിപ്പിന്റെ ചൂരും വറവുകളുടെ ചീറ്റലും ഉയർന്നതല്ലാതെ ആരും വരുന്ന ലക്ഷണമില്ല. കൗശികൻ ഉമ്മറവാതിലിലൂടെ പാളി നോക്കി. ഒരു തടിയൻ പലകയിട്ടിരുന്ന് വിസ്തരിച്ച് ഊണ് കഴിക്കുന്നു. രുചിയറിഞ്ഞ് അയാളെ ഊട്ടികൊണ്ടിരിക്കുന്ന ഭാര്യ. തന്നെ പോലൊരു മുനിവര്യൻ മുറ്റത്ത് നിൽക്കുന്നുണ്ടെന്ന ഭാവം അവൾക്കില്ല. കൗശികൻ അവൾക്കു നേരെ ഉഗ്രമായ നോട്ടങ്ങൾ പായിച്ചു. ആ സ്ത്രീയാകട്ടെ, പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു: 

"ആ വേല മനസ്സിലിരിക്കട്ടെ. നിങ്ങൾ നോക്കിയാൽ ദഹിക്കാൻ, ഞാൻ മരക്കൊമ്പിലിരിക്കുന്ന കാക്കയല്ല."

കൗശികന് തല കറങ്ങുന്നത് പോലെ തോന്നി: "അക്കാര്യം നീയെങ്ങനെ അറിഞ്ഞു?"

"സ്വധർമ്മം അനുഷ്ഠിക്കുന്നവർക്ക് കാര്യം ഗ്രഹിക്കാൻ ദിവ്യദൃഷ്ടി വേണ്ട. എന്റെ ഭർത്താവ് നാട് നീളെ തെണ്ടി, എള്ള് വിറ്റു തളർന്നു വന്നിരിക്കുകയാണ്. അദ്ദേഹത്തിനു ചോറ് കൊടുത്തിട്ടേ നിങ്ങൾക്ക് പിച്ച തരേണ്ടതുള്ളൂ. അത് തന്നെ എന്റെ രഹസ്യം."

ഭർത്താവിന്റെ ഊണ് കഴിഞ്ഞതിനു ശേഷം അവൾ കൌശികന് ഭക്ഷണം നല്കി. യാത്ര പറയാൻ നേരത്ത് സംന്യാസി അവളോട് ചോദിച്ചു: 

"ധർമ്മത്തിന്റെ ഉള്ളുകള്ളികൾ വിചിത്രമാണ്. ആരെനിക്കത് ഉപദേശി ച്ചു തരും?"

എള്ള് കച്ചവടക്കാരന്റെ പെണ്ണ് സംന്യാസിയെ സഹായിക്കാനുറച്ചു.

"നിങ്ങൾ മിഥിലയിലേക്ക് ചെല്ല്. അവിടെ മഹാജ്ഞാനിയായ ഒരു ഇറച്ചിവെട്ടുകാരനുണ്ട്. നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി അയാളുടെ കയ്യിലുണ്ടാവണം."

അപ്രകാരം കൗശികൻ മിഥിലയിലേക്ക് യാത്രയായി. ജനപദങ്ങളിലെ കോലാഹലങ്ങളിൽ പെട്ടും ആളുകളോട് വഴി ചോദിച്ചും വഴി തെറ്റിയും ഒരുവിധം കൗശികൻ മിഥിലാപുരിയിലെത്തി. ഇറച്ചിക്കടക്ക് മുന്നിലെത്തിയപ്പോഴേക്കും മധ്യാഹ്നം കടന്നിരുന്നു.

"ആര്? കൗശികനോ? വരൂ...വരൂ... ഈ മരക്കുറ്റിയിലിരുന്നാലും . എള്ള് വില്പനക്കാരന്റെ ഭാര്യ പറഞ്ഞയച്ചതാണല്ലേ? എന്റെ കച്ചവടമൊന്ന് തീർത്തോട്ടെ. എന്നിട്ട് നമുക്ക് വീട്ടിലേക്ക് പോകാം..."

കൗശികന് മനോനില തെറ്റുന്നതായി അനുഭവപ്പെട്ടു. തന്റെ വരവും, ആ പെണ്ണ് കളിയാക്കിയതും ഇയാളെങ്ങിനെ മനസ്സിലാക്കി? ഈ ലോകത്ത് ജ്ഞാനം നിഷേധിക്കപ്പെട്ടത്' തനിക്ക് മാത്രമാണോ?

ഏതായാലും കാത്തിരിക്കുക തന്നെ. സംന്യാസി മരക്കുറ്റിയിൽ ആസനസ്ഥനായി. വ്യാധനാകട്ടെ, കൗശികനവിടെയുള്ള കാര്യം മറന്ന മട്ടിൽ തന്റെ കർമ്മങ്ങളിൽ വ്യാപൃതനായി.

കൗശികന് മുന്നിൽ ഭീകരരംഗങ്ങൾ അരങ്ങേറുകയാണ്. പശുവിനെയും കാളയെയും പന്നിയെയും ആടിനെയും തകൃതിയായി വെട്ടുന്നു. തോലുരിക്കുന്നു. വാ പിളർന്ന, നാക്ക് നീട്ടിയ, കണ്ണുകൾ തുറിച്ച ചത്ത തലകൾ കടയുടെ മുന്നിൽ നിരത്തി വെച്ചിട്ടുണ്ട്. കൂർത്ത കൊക്കികളിൽ തൂങ്ങുന്ന തുടയും വാരിയും തോളുകളും. കീഴെ വെച്ച വീപ്പകളിൽ നിറഞ്ഞ്, നിലത്തേക്ക് കവിഞ്ഞൊഴുകുന്ന ചോര. ഒരിടത്ത് കൂമ്പാരമാക്കിയ കുടൽച്ചുരുളുകൾ. അതിനിടക്ക് ആളുകൾ വരുന്നുണ്ട്. വ്യാധൻ വന്നവരോട് വില പേശി, മാംസം തൂക്കി, ഇലയിൽ പൊതിഞ്ഞ് കെട്ടി വില്ക്കുന്നുണ്ട് . എമ്പാടും രക്തവും വസയും മൃഗങ്ങളുടെ അലറിക്കരച്ചിലും. തുലാത്തട്ടിന്റെ ഉയർച്ചതാഴ്ചകൾ. മരണത്തിന്റെ രംഗവേദിയിലിരുന്ന് ഋഷിപുംഗവൻ ഞെരിപിരി കൊണ്ടു.

സൂര്യൻ, പടിഞ്ഞാറ് പിടി വിട്ട് കടലിൽ വീണു. അറവുകാരന്റെ കട പൂട്ടി. അയാൾ അന്നത്തെ സമ്പാദ്യം മടിശ്ശീലയിൽ കെട്ടി.

"ഇനി നമുക്ക് പോകാം. ഈ വഴി നടന്നാലും..."

വീട്ടിലെത്തിയതും വ്യാധൻ മേലാസകലമുള്ള രക്തക്കറകളെല്ലാം കഴുകിക്കളഞ്ഞു. ചോര പുരണ്ട വസ്ത്രം അലക്കി, അയയിൽ തൂക്കി. കൗശികൻ സന്ധ്യാവന്ദനം കഴിച്ച് വരുമ്പോഴേക്കും ഭക്ഷണമൊരുക്കി. കിടക്കപ്പായയിൽ തളർന്ന് കിടക്കുന്ന അച്ഛനമ്മമാരെ അത്താഴമൂട്ടി; അവരെ ഉറക്കാൻ കിടത്തിയ ശേഷം അറവുകാരൻ കൗശികനെ ക്ഷണിച്ചു.

"നമുക്ക് വല്ലതും കഴിക്കാം."

മുറ്റത്ത് വിരിച്ച കയർക്കട്ടിലിലിരുന്ന്, ആ രാത്രി മുഴുവൻ ഇറച്ചിവെട്ടുകാരൻ കൗശികന് ധർമ്മം ഉപദേശിച്ചു. നേരം പുലരുമ്പോഴേക്കും സത്യാന്വേഷിയുടെ മനസ്സിലെ മങ്ങൂഴം മാറിയിരുന്നു. അയാൾ ഗുരുവിനെ പ്രണമിച്ച് സ്വന്തം ഗ്രാമത്തിലേക്ക് യാത്രയായി. തന്നെയോർത്ത് മനസ്സ് പുണ്ണാക്കി, മാതാപിതാക്കൾ ജീവനുപേക്ഷിച്ചോ എന്ന കുറ്റബോധത്തോടെ."

പുൽച്ചാടി ഒരു വട്ടം പറന്ന് , തെച്ചിക്കമ്പിൽ തിരിച്ചു വന്നിരുന്നു. എന്നിട്ട് പ്രസംഗം ഉപസംഹരിച്ചു.

"ഏകദേശം ഇപ്രകാരമാണ് വ്യാധഗീതയെ മുജ്ജന്മത്തിൽ ഞാൻ ഗവേഷണവിഷയമാക്കിയത്."




ഗോമതിയും ഷിബുവും എഴുന്നേറ്റ് നിന്ന് ദേഹമാസകലം ഒന്ന് കുടഞ്ഞു.

ഗോമതിക്ക് മനസ്സിൽ തോന്നിയത് ഷിബു വിദ്യാധരനോട് ചോദിച്ചു:

"ഹേ,സ്കോളറായ പുൽച്ചാടീ...ഈ കഥയിൽ വല്ല ഗുണപാഠവുമുണ്ടോ?"

"മനുഷ്യരുടെ കഥകളിൽ മറ്റ് സ്പീഷീസിനെന്ത് ഗുണപാഠം? മാത്രവുമല്ല; ഒരിക്കലും ചെയ്യാനുദ്ദേശിക്കാത്ത മഹദ്കാര്യങ്ങളെ സാരോപദേശകഥകളാക്കുന്നത് മനുഷ്യരുടെ ഒരു സൂത്രപ്പണിയാണ്. സത്യം, ധർമ്മം, നീതി എന്നിങ്ങനെ പല abstract ചപ്പടാച്ചികളും വലിയ വായിട്ടലക്കുന്ന വിചിത്രജന്തുക്കളാണ് ഇക്കൂട്ടർ. അധികാരം, വിധേയത്വം, ഭയം ... അവയുടെ ആപേക്ഷിക രൂപാന്തരങ്ങളായി സ്നേഹം, വിശ്വാസം, ഭക്തി... അങ്ങനെ പലതും അവർ കാട്ടിക്കൂട്ടും. നിസ്സാര കാര്യങ്ങൾ മതി, അവറ്റ പരസ്പരം വെട്ടിയും കുത്തിയും കൊല്ലും. കോടിക്കണക്കിന് അന്യജീവിവർഗ്ഗങ്ങളെ മുച്ചൂടും മുടിക്കാൻ യാതൊരു മന:സാക്ഷിക്കുത്തുമില്ല. അവരുടെ ആർത്തിയുടെ പുരോഗതിയിൽ ഭൂമി മരുഗ്രഹമായി മാറാൻ ഇനിയെത്ര കാലം? മണലിൽ വരച്ച അവ്യക്തരേഖകളായി മനുഷ്യന്റെ സംസ്കാരവും ചരിത്രവും - വംശം തന്നെയും - മുടിഞ്ഞ് പോകാനുള്ളതാണ്. അക്കൂട്ടത്തിൽ, ഗത്യന്തരമില്ലാതെ അവർക്കിടയിൽ പൊറുക്കാനിടവന്ന ഇക്കണ്ട സസ്യജന്തുജാലവും ഒടുങ്ങിയത് തന്നെ ..."

"താങ്കളുടെ ദോഷൈകദുശ്ശകുനപാരിസ്ഥിതികദുരന്തദർശനം ചിലപ്പോൾ ശരിയായേക്കാം... പക്ഷെ, വ്യാധൻ കൗശികനോട് പറഞ്ഞ ധർമ്മരഹസ്യമെന്താണ്?" ഷിബു ആകാംക്ഷാഭരിതനായി. 

"മനുഷ്യന്റെ മൂല്യവിവരപ്പട്ടികയിലെ പല കാറ്റഗറികളും വ്യാധഗീതയിൽ വിവരിക്കുന്നുണ്ട്. അഹിംസയടക്കം പലതും. അതൊക്കെ പറയാൻ പുറപ്പെട്ടാൽ പാതിരാവാകും. ജീവൻ നിലനിർത്താൻ വേണ്ടി ചെയ്യുന്ന ഒരു ജോലിയും പാപമല്ലെന്ന് അറവുകാരൻ ബ്രാഹ്മണനെ പഠിപ്പിക്കുന്നു. ഇറച്ചിവെട്ട് തൊട്ടുള്ള എല്ലാ പണികളും വിശുദ്ധം തന്നെ. ഭാഗവതപുരാണത്തിൽ സാക്ഷാൽ കൃഷ്ണനും കർമ്മയോഗത്തിൽ സ്വാമി വിവേകാനന്ദനും വ്യാധഗീതയെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട് , പറഞ്ഞിട്ടെന്തു കാര്യം!"

"ഗോമതിയടക്കമുള്ള മൃഗമാതാക്കളെ കശാപ്പ് ചെയ്യരുതെന്ന ഭക്ഷ്യനിയമം നല്ലതല്ലേ വിദ്യാധരൻ?"

പുൽച്ചാടി കൺഗോളങ്ങൾ പരിഹാസരൂപത്തിൽ നാല്ക്കാലികളിലേക്ക് തിരിച്ചു:

"നിങ്ങൾക്കെന്തറിയാം, കൂട്ടരേ? ക്ണാശ്ശേരിയിലെ ഒരു വിഭാഗം പാവങ്ങളുടെ അന്നം മുട്ടിക്കൽ... വംശഹത്യക്ക് വേറൊരു മുടന്തൻ ന്യായം... മറ്റെന്താണ് അംശംഅധികാരികളുടെ പശുപ്രേമം? അടുക്കളയിൽ കയറി, കറിക്കലത്തിന്റെ അടപ്പ് പൊക്കി നോക്കിയാണ് വെട്ടിക്കൊല. അതും, ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ നട്ടം തിരിയുന്നവരുടെ നാട്ടിൽ! കന്നുകാലികളെ പൂജിക്കാനിറങ്ങിയ കൊലയാളികളെ തരിമ്പും വിശ്വസിച്ച് പോകരുത്. അർധരാത്രിക്ക് അവർ തൊഴുത്ത് പൊളിച്ച്, രഹസ്യമായി നിങ്ങളെ അറുക്കും. മാംസം പ്രൊസ്സസ്സ് ചെയ്ത്, ടിന്നിലടച്ച്, അയൽദേശങ്ങളിലേക്ക് കടത്തും. തോലും വിൽക്കും. ബാക്കി വരുന്ന കുടലും കുളമ്പും വല്ല വിഗ്രഹങ്ങളിലും ചാർത്തിയാൽ ശത്രുസംഹാരവും ഗംഭീരമാക്കാം. പരമാധികാരത്തിന്റെ രാഷ്ട്രതന്ത്രങ്ങളിൽ മതബലിയുടെ നിവേദ്യം അപരന്റെ മാംസമാണ്." 

ഷിബുവും ഗോമതിയും സംഭ്രാന്തരായി:

"ഞങ്ങളെന്ത് ചെയ്യും, വിദ്യാധരാ? നിങ്ങളുടെ റിസർച്ച് ബുദ്ധിയിൽ വല്ല പോംവഴിയുമുണ്ടോ?"

"വ്യാധഗീതയുടെ വ്യാജപ്പതിപ്പുകൾ അണ്ടർഗ്രൗണ്ട് ലിറ്ററേച്ചറായി പരമാവധി പ്രചരിപ്പിക്കുക. കഴുത്തിൽ കത്തി വീഴുന്നതിനു മുമ്പ് അല്പം വെള്ളമെങ്കിലും കിട്ടട്ടെ ."

ഇത്രയും പറഞ്ഞ് പുൽച്ചാടി അതിന്റെ പാട്ടിന് ചാടിപ്പോയി.

ഇതികർത്തവ്യതാമൂഢരായ കന്നുകാലിദമ്പതികൾ മേച്ചിൽ നിർത്തി. ദൂരെയുള്ള വളവ് തിരിഞ്ഞ് രാമൻകുട്ടി നടന്നു വരുന്നുണ്ടായിരുന്നു. കൂടെ തലയിൽക്കെട്ടുള്ള രണ്ടുമൂന്നാളുകളുമുണ്ട്. കണ്ടിട്ട്, വിദേശരാജ്യമായ കോങ്ങാട്ടിലെ കാലിക്കച്ചവടക്കാരാണെന്ന് തോന്നുന്നു. ഷിബുവിന്റെ ചിറിയിൽ പേടിയുടെ നുര പതഞ്ഞു.

ഗോമതിയും തൊട്ടു പുറകെ ഷിബുവും അതിവേഗം മൈതാനം താണ്ടി, കല്ലുവഴി റോഡ്‌ കടന്ന്, പൂക്കാട്ടുകാവ് ലാക്കാക്കി കുതിച്ച് പായാൻ തുടങ്ങി. കനാൽവരമ്പ് വഴി വെച്ച് പിടിച്ചാൽ മല കയറി രക്ഷപ്പെടാം .

ഓടുന്നതിനിടയിൽ ഗോമതി കിതച്ചു:

"കാടേ നമുക്ക് ഗതി*."



.............................................................................................

*കുറിപ്പുകൾ 
1)  ഔചിത്യവിചാരചർച്ച: പതിനൊന്നാം നൂറ്റാണ്ടിൽ ക്ഷേമേന്ദ്രൻ 
    എഴുതിയ  കാവ്യശാസ്ത്രപുസ്തകം.
2)   Rainer Werner Fassbinder: ജർമ്മൻ സിനിമയിലെ സർഗ്ഗധനനായ ധിക്കാരി.
3)  Jacques Lacan: ഇരുപതാം നൂറ്റാണ്ടിലെ വിവിധ ആശയമണ്ഡലങ്ങളെ ആഴത്തിൽ 
     സ്വാധീനിച്ച       ഫ്രഞ്ച് മന:ശ്ശാസ്ത്രഞ്ജനും ചിന്തകനും.
4)  'കാടേ നമുക്ക് ഗതി ': 'ബകവധം' ആട്ടക്കഥയിൽ  (കോട്ടയം കൃതികൾ) 
   ധർമ്മപുത്രരോട്      അർജ്ജുനന്റെ പരിഭവം. വരികൾ അറം പറ്റിയതിനാൽ പഴശ്ശി രാജാവ് 
  കാട് കയറിയെന്ന്  പറയുന്നവരുണ്ട്‌. ഏതായാലും,  അരങ്ങിൽ ഈ ഭാഗം ആടാറില്ല .  



                                                                                                                       (Images: from the Internet)