Friday, May 6, 2016

കഥ

സമയം



നിങ്ങൾ വന്നിരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയാം. എന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കാൻ. യഥാർത്ഥത്തിൽ, എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. എങ്കിലും നിങ്ങളെ നിരാശപ്പെടുത്തരുത്. അതുകൊണ്ട് ചില കാര്യങ്ങൾ പറയാം.

ഇപ്പോഴെനിക്ക് എഴുപത് കടന്നു കാണും. പ്രായം പ്രസക്തമല്ലാതായി തീരുന്ന ഒരു പ്രായമാണത്. കഴിഞ്ഞുപോയ പലതും ഓർത്തെടുക്കാനുമാവുന്നില്ല. എങ്കിലും രണ്ടു മൂന്ന് ഓർമ്മകൾ എനിക്കുള്ളിൽ നിരന്തരം ചുറ്റിത്തിരിയുന്നുണ്ട്. അവ മാത്രമാണ് എന്റെ ജീവിതത്തിന്റെയും എഴുത്തിന്റെയും ആകെത്തുക.

കുട്ടിക്കാലത്തെ ഒരു പ്രത്യേക സന്ധ്യ ഇപ്പോഴും എന്റെ സ്മരണയിലുണ്ട്. അന്നെനിക്ക് ഏഴോ എട്ടോ വയസ്സേയുള്ളൂ. ഞാൻ വീടിന്റെ അരിക് തിണ്ണയിൽ ഇരിക്കുകയായിരുന്നു. മഴ തോർന്ന ഒരു സായാഹ്നം. മുറ്റവും തൊടിയും ആകാശവും കടുംചുവപ്പ് നിറത്തിൽ മുങ്ങിക്കിടന്നു. അതെല്ലാം നോക്കിയിരിക്കേ, ഞാൻ അനുഭവിച്ച ഒറ്റപ്പെടലും വേദനയും പിന്നീടൊരിക്കലും എന്നെ വിട്ടുപിരിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ടായിരിക്കണം ഞാൻ എഴുത്തുകാരനാവാൻ തീരുമാനിച്ചത്. അന്നത്തെ സന്ധ്യയെക്കുറിച്ച് എഴുതാൻ വേണ്ടി മാത്രം.

ജനൽകർട്ടൻ അല്പം മാറ്റിയിടട്ടെ. രാത്രിയുടെ കാഴ്ചകളിൽ പുതുമയുണ്ടായിട്ടല്ല. എങ്കിലും പുറത്ത് നിന്ന് വരുന്ന വെളിച്ചം ഈ അഭിമുഖത്തിന് മതിയായ തെളിച്ചം നൽകും. അതാണ്‌ എനിക്കിഷ്ടം. എല്ലാം ശാന്തമായി തോന്നും. നിങ്ങൾ അവിടെ തന്നെ നിന്നാൽ മതി. നിഴലുകളിൽ, മുറിക്കകത്ത് ചുറ്റി നടന്ന് സംസാരിക്കുമ്പോൾ എനിക്ക് കൂടുതൽ മനസ്സ് തുറക്കാം.

ഞാൻ പറഞ്ഞ് വന്നത്...അതെ, എഴുത്ത് എന്നിലേക്ക് പ്രവേശിച്ച ഒരു നിമിഷത്തെക്കുറിച്ചാണ്. അതിനപ്പുറം എന്റെ ബാല്യം, അച്ഛനമ്മമാർ, കളിക്കൂട്ടുകാർ... അതൊന്നും കാര്യമാക്കേണ്ടതില്ല. ചാരുകസേരയിൽ കിടന്ന് വായിച്ചുകൊണ്ടിരുന്ന അച്ഛന്റെ കണ്ണടച്ചില്ലിന്റെ തിളക്കമൊഴികെ.

മുതിർന്നപ്പോൾ പല പല ജോലികളുമായി ഒട്ടേറെ നഗരങ്ങളിൽ ഞാൻ ചുറ്റിത്തിരിഞ്ഞു. അപ്പോഴെല്ലാം ആ അസ്തമയത്തെക്കുറിച്ച് എഴുതണമെന്ന് എനിക്കുണ്ടായിരുന്നു. അതൊരിക്കലും സാധിച്ചില്ല. എഴുത്തിൽ നിന്ന് -  അതേൽപ്പിക്കുന്ന ഭയാനക ഭാരത്തിൽ നിന്ന്- ഞാൻ ഒഴിഞ്ഞു മാറി.  അത് മറക്കാൻ അപ്പപ്പോൾ ഉണ്ടാകുന്ന സംഗതികളിൽ ആണ്ട് മുങ്ങി. എല്ലാ മുഴുകലുകളും എത്രമാത്രം ഏകാന്തമാണ്!

എഴുത്ത്മേശയിൽ ഈയൊരു വെളുത്ത കടലാസും കറുത്ത പേനയും മാത്രമേയുള്ളൂവെന്ന് നിങ്ങൾ ശ്രദ്ധിച്ച്  കാണും. അതവിടെയിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഒരു പക്ഷെ, ഈ രാത്രിയിൽ ഞാൻ എഴുതുമായിരിക്കും. ഇത്രകാലം ഞാനൊന്നും എഴുതിയിട്ടില്ല. ഞാൻ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് നിങ്ങൾ കൂടിക്കാഴ്ചക്ക് വന്നത്. കുഴപ്പമില്ല. അതൊരു ശല്യമായി കണക്കാക്കുന്നില്ല. ചിലപ്പോൾ, നമ്മുടെ സംഭാഷണം എഴുതാൻ പ്രചോദനമായി തീർന്നേക്കാം.

വായിച്ച ഓരോ പുസ്തകവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കേട്ട വാക്കുകളും. സുഖം, ദു:ഖം, രോഗങ്ങൾ, യാത്രകൾ, പരിചയപ്പെട്ട മനുഷ്യർ, സ്നേഹബന്ധങ്ങൾ, വെറുപ്പുകൾ, മടുപ്പുകൾ, രൂപരഹിതമായ വിചാരങ്ങൾ - എല്ലാം. ഈ ലോകത്തിൽ ഞാൻ കടന്നു പോയ സന്ദർഭങ്ങളത്രയും അദൃശ്യമായ ഒരു തിരശ്ശീലക്ക് പുറകിൽ നിന്ന് എന്നെ എഴുതാൻ നിർബന്ധിച്ചു. എന്നാൽ, ഒരു വരി പോലും മുഴുമിപ്പിക്കാൻ എനിക്കായില്ല. എഴുതുന്നതിന് മുമ്പ് ഞാനത് മനസ്സിൽത്തന്നെ വെട്ടിക്കളയും. ഉദ്ദേശിക്കുന്നതെന്തോ, അത് അത്രയും കൃത്യമായി ആവിഷ്ക്കരിക്കാൻ കഴിയുന്നത് വരെ ഞാൻ ക്ഷമിച്ചിരുന്നേ മതിയാകൂ.

അതെ, ഇവിടെ  ഞാൻ ഒറ്റക്കാണ്. ഒരു സുഹൃത്താണ് ഈ പട്ടണത്തിൽ എനിക്ക് താമസം ശരിയാക്കിയത്. അയാളിപ്പോൾ ഇവിടെയില്ല. ഇനി വരുമെന്നും തോന്നുന്നില്ല.

എനിക്കൊരു കുടുംബം ഉണ്ടായിരുന്നു; മറ്റെല്ലാവരെയും പോലെ. അവർ പോയി. അഥവാ ഞാൻ വിട്ടു പോന്നു. എഴുതാൻ വേണ്ടിയാണ് ഞാനിങ്ങോട്ട്‌ പോന്നത്.

ആറാം നിലയിലുള്ള ഈ ഇടത്തിൽ ഞാൻ മിക്കവാറും സന്തുഷ്ടനാണ്. എഴുതാനുള്ളതിനെക്കുറിച്ച് ആലോചിച്ച് എനിക്കിവിടെ ജീവിക്കാം. തനിയെ വെച്ചുണ്ടാക്കുന്ന അല്പം ഭക്ഷണം, ഏതാനും മരുന്നുകൾ, ഇടയ്ക്ക് ആരുടെയെങ്കിലും ഫോൺ വിളികൾ...വാർധക്യത്തിന് അത്രയും ഊർജ്ജം മതി.

എനിക്ക് ഓർമ്മയുള്ള മറ്റൊരു സംഭവം പറയാം.
നാട്ടിലായിരുന്നപ്പോൾ സ്ഥിരമായി എന്നെ കാണാൻ വന്നിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പേര് ഞാൻ മറന്നു പോയി. അവനേതോ സായാഹ്നപത്രത്തിൽ ജോലിയെടുത്തു. ഒരു പെൺകുട്ടിയുമായി അടുപ്പത്തിലുമായിരുന്നു. അവൻ ഒരു ദിവസം എന്നെ വലിയൊരു കടലാസ് കെട്ട് ഏൽപ്പിച്ചു. അവനെഴുതിയ കഥകൾ. ഞാൻ വായിച്ചു നോക്കി അഭിപ്രായം പറയണം. തെറ്റുണ്ടെങ്കിൽ തിരുത്തണം. ഏടുകൾ മറിച്ച് നോക്കിയതല്ലാതെ ഞാനൊന്നും ചെയ്തില്ല. അവൻ വരുമ്പോഴെല്ലാം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു. ജോലിത്തിരക്ക്, അസുഖം...ഞാനത് വായിക്കില്ലെന്ന് ഒരിക്കലും അവനോട് പറഞ്ഞില്ല; തിരിച്ചേൽപ്പിച്ചതുമില്ല. പിന്നീട്, അവൻ വരാതായി. ആ കടാലാസ്‌കെട്ടും എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു. വാടക വീടുകൾ മാറുന്നതിനിടക്കായിരിക്കണം. അടുത്ത വർഷം, വീണ്ടും നാട്ടിലെത്തിയപ്പോൾ, ഞാൻ അവനെക്കുറിച്ച് ആരോടോ ചോദിച്ചു. അവൻ തൂങ്ങി മരിച്ചിരുന്നു. എന്തോ നിസ്സാര കാര്യത്തിന് കൂട്ടുകാരി അവനെ വഴക്ക് പറഞ്ഞതിന്.

കാണാതെപോയ കടലാസ്സ്കെട്ട്  ഇപ്പോൾ എവിടെയായിരിക്കും? എന്താണ് അവനതിൽ എഴുതിയിട്ടുണ്ടാവുക? അവനൊഴികെ മറ്റാരും വായിച്ചിരിക്കാനിടയില്ലാത്ത കഥകൾ. അവയ്ക്കെന്ത്‌ പറ്റിയിരിക്കാം? അതാണ്‌ എന്നെ വേട്ടയാടുന്നത്.    ആ                  ചെറുപ്പക്കാരന്റെ അകാല മരണത്തിൽ ദു:ഖമല്ല  തോന്നുന്നത്.       പരിഹാരമില്ലാത്ത വിഹ്വലതയും ലജ്ജയുമാണ്. എഴുതാനിരിക്കുന്ന കഥയിൽ,  ഒരു കുട്ടിയുടെ വൈകുന്നേരത്തിലേക്ക്, എനിക്ക് കോർത്തിണക്കാനുള്ള വികാരങ്ങളാണവ. അതെപ്രകാരമാണെന്ന് ആലോചിക്കുന്തോറും അനന്തമായ രചനാക്രമങ്ങൾ തെളിയുന്നു. പൊടുന്നനെ, എല്ലാം അഗാധഗർത്തത്തിലേക്ക് താഴ്ന്ന്‌ പോവുകയും ചെയ്യുന്നു. പക്ഷെ,പേടിക്കാനില്ല. ഒക്കെ ശരിയാകും.

അതേ ആഖ്യാനാത്തിൽ വേറൊരു നഗരത്തിൽ നിന്നുള്ള ഒരു സ്ത്രീയുണ്ട്. അക്കാലത്ത്, ഞാനൊരാളെ പരിചയപ്പെട്ടു. ജോലിസ്ഥലത്തിനടുത്ത്  ഭക്ഷണം കഴിക്കുന്ന കടയിലെ വിളമ്പുകാരൻ. ഒരു രാത്രിയിൽ ഞങ്ങൾ ഒരുമിച്ച് മദ്യപിച്ചു. സ്ത്രീകളെക്കുറിച്ച് സംസാരിച്ചു. അയാളെന്നെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

മങ്ങിയ വെളിച്ചത്തിൽ ഞാനും അവളും കിടന്നു. കുടിച്ചതിന്റെ മണം അവൾക്കിഷ്ടമായില്ല. അവൾ വിളക്ക് കെടുത്തി. അല്പം കഴിഞ്ഞ്, വരാന്തയിൽ കാൽപ്പെരുമാറ്റം കേട്ടു. ആരോ വിളിച്ചു. എഴുന്നേൽക്കേണ്ടതില്ലെന്ന് അവൾ എന്നോട് പറഞ്ഞു. അത് അവളുടെ മകനായിരുന്നു. പുറത്ത് ശബ്ദമൊന്നും കേൾക്കാതായപ്പോൾ, അവൾക്ക് പണം നൽകി ഞാൻ പോകാനൊരുങ്ങി. ഇനി വരുമോ എന്നവൾ ചോദിച്ചെന്ന് തോന്നുന്നു. ഇടവഴിയിൽ കാത്ത് നില്ക്കുന്ന മനുഷ്യന്റെ കൂടെ ഞാൻ തിരിച്ച് പോയി.

മാസങ്ങൾക്ക് ശേഷം വിളമ്പുകാരൻ എനിക്കൊരു ചെറിയ വാർത്ത കാണിച്ചു തന്നു. അടുക്കളയിലെ പൊട്ടിത്തെറിയിൽ അവൾ പൊള്ളി മരിച്ചു. ആ പത്രക്കുറിപ്പിലെ ഏതാനും വരികൾ കൂടി പോയ്‌പ്പോയ സന്ധ്യയോട് ചേർത്ത് വെയ്ക്കാനുള്ളതാണ്. അന്നത്തെ ചുവന്ന പ്രകാശത്തിലേക്ക് എനിക്കവളെ എഴുതിയെടുക്കണം.

ഇവിടെ കണ്ണാടികൾ ഇല്ലാത്തതിനു കാരണം എന്താണെന്നോ? കണ്ണാടി നോക്കാൻ എനിക്ക് മടിയാണ്. ഞാൻ മറ്റാരേയോ കാണും.

നിങ്ങൾക്ക് പോകാൻ ധൃതിയായോ? മേശപ്പുറത്തിരിക്കുന്ന കടലാസ്സിൽ ഞാൻ ഒന്നുകൂടി നോക്കട്ടെ. കാഴ്ച മങ്ങിയ ഒരു നോട്ടമായിരിക്കും ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്.

ശരിയാണ്; അതെ, ഇതാണ് എഴുതി തുടങ്ങാനുള്ള സമയം. ഇനി നമുക്ക് പോകാം. ഈ വാതിൽ തുറന്നാൽ ബാൽക്കണിയിലേക്ക് കടക്കാം.

ആകാശത്തിൽ അവശേഷിച്ച ഒറ്റ നക്ഷത്രം കണ്ടോ? വാതിൽ ചാരേണ്ടതില്ല. നമ്മൾ പോയിക്കഴിഞ്ഞാൽ, ഇല്ലാതാകുന്ന നക്ഷത്രത്തിന്റെ പ്രകാശരശ്മി കടലാസ്സിൽ വീഴും. അന്നേരം ഞാൻ മാത്രം കണ്ട സന്ധ്യയുടെ തീജ്വാലകൾ കടലാസ്സിൽ പടരും. ഒരു തേങ്ങൽ ഉയരും. അപ്രകാരം ഈ എഴുത്ത് പൂർണ്ണമാകട്ടെ.

ഞാൻ നിങ്ങൾക്കൊപ്പം ബാൽക്കണിക്കും അപ്പുറത്തേക്ക് നടക്കുകയാണ്.

Tuesday, April 19, 2016

വായില്ല്യാക്കുന്നിലപ്പൻ 

നൂറ്റാണ്ടുകൾക്കു മുമ്പ് ഉജ്ജയിനിയിൽ അരങ്ങേറിയ പാപത്തിന്റെ നീക്കിയിരുപ്പാണ്. സാലഭഞ്ജികകളുടെ വജ്രമൂർച്ചയുള്ള കരിങ്കൽ മുലക്കണ്ണുുകളിലൂറുന്ന ഐതിഹ്യത്തിന്റെ കയ്പാണ്. വരരുചി എന്ന ശ്രേഷ്ഠബ്രാഹ്മണൻ ശൂദ്രർക്കു വെലക്കിയ വിഷം ചേർന്ന പാൽപായസം തലമുറകളിലൂടെ പകർച്ച കിട്ടിയതാണ്. കുടിച്ചേ തീരൂ. ആര്?

കടമ്പഴിപ്പുറം പഞ്ചായത്തിൽ, വായില്ല്യാംകുന്ന് വാർഡിൽ, ഒഴിഞ്ഞ വീട്ടിൽ, കോലായയിൽ നനഞ്ഞ തോർത്ത്  വിരിച്ച്,  മലർന്നു കിടക്കുന്ന അച്യുതൻകുട്ടി. എന്തിന്? പറഞ്ഞില്ലേ.... പാപഫലം.

എന്തൊരു ചൂടാണ്! മീനം അച്യുതൻകുട്ടിയുടെ രോമകൂപങ്ങളിൽ കനലാട്ടം നടത്തി. നനഞ്ഞ തോർത്ത്‌ ഉമിത്തീ പോലെ നീറിപ്പിടിച്ചു. വേനലിന്റെ പാതയിൽ അച്യുതൻകുട്ടിയെ ദഹിപ്പിക്കാൻ കിടത്തിയിരിക്കുന്നു.

ഈ പാപത്തിന് പ്രതിവിധിയില്ലേ? ഇല്ലെന്നാണ് ഐതിഹ്യം പറയുന്നത് - ഓട്ടുരുളിയിൽ തിളച്ചു മറിയുന്ന പാൽപായസം. മുകളിൽ ഉത്തരം താങ്ങുന്ന പല്ലി. ഭാരം പേറാനാകാതെ പല്ലി പിടി വിട്ട് പാൽപായസത്തിൽ തല കുത്തി വീണു. അരിയും പാലും പഞ്ചസാരയും പല്ലിയും നന്നായി വെന്തു ചേർന്നു.

 ഉരുളി കമിഴ്ത്തിയാലോ എന്ന് ഊണി ആലോചിച്ചു.

"അരുത്!" വരരുചി വിലക്കി. "മൌര്യസാമ്രാജ്യത്തിൽ നാണ്യപ്പെരുപ്പവും ക്ഷാമവുമാണ്." 
പിന്നെ, ഗ്രന്ഥങ്ങൾ പരതി.
"ആ ഉരുളി ശൂദ്രന് വിളമ്പിക്കോ. അർത്ഥശാസ്ത്രത്തിൽ അനുമതിയുണ്ട്‌."

ച്യുതൻകുട്ടി ഐതിഹ്യത്തിന്റെ മാദകഗന്ധമുള്ള ഓലക്കെട്ടുകൾ വീണ്ടും മറിച്ചു.

പാൽപായസത്തിന്റെ മധുരം തലയ്ക്ക് പിടിച്ച് വരരുചി മയങ്ങാൻ കിടന്നു. അബോധത്തിന്റെ അടിത്തട്ടിൽ നരകപാതാളം തെളിഞ്ഞു. പാതാളത്തിൽ നിന്ന് ഒരു കൂറ്റൻ കാഞ്ഞിരം വരരുചിയുടെ ഉറക്കത്തിലേക്ക് വളർന്നു നിന്നു. കാഞ്ഞിരത്തിന്റെ ഇരുണ്ട ഇലപ്പച്ചയ്ക്കിടയിൽ, അദൃശ്യമായ പൊത്തിലിരുന്ന്, മരപ്പല്ലി ചിലച്ചു: 

"പാപം! കൊടുംപാപം!!.... അനുഭവിക്കാതെ പോകില്ല. മരണാനന്തരം നിന്നെ ഈ കാഞ്ഞിരത്തിൽ ചങ്ങലയ്ക്കിടും. പല്ലികളെ പച്ചയ്ക്കു തിന്ന്  മറുലോകത്ത്  പുലരാനാണ് നിനക്കു വിധി."

വരരുചി ഞെട്ടിയുണർന്നു: "പ്രതിവിധിയില്ലേ?"

"ഇല്ല. നീ പറച്ചിയെ വേൾക്കും. അവൾ ഭ്രാന്തനേയും ഊമയേയും ഉപ്പു തിന്നുന്നവനേയും മുറം കുത്തുന്നവനേയും പെറും. അവരുടെ വംശം പെരുകും." പല്ലി വരരുചിയുടെ മാറിലെ രോമങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന്, പുള്ളികളുള്ള നാവ്  നീട്ടി, അയാളുടെ ചുണ്ടിലും പല്ലുകളിലും അവശേഷിക്കുന്ന മധുരം നക്കിയെടുത്തു.

വംശപാപത്തിന്റെ സൂര്യാഘാതമേറ്റ്, സർവ്വാഗം തളർന്ന്, അച്ചുതൻകുട്ടി കിടക്കുന്നു.

പ്രശ്നം വച്ചു. കുരുതി നടത്തി. മാടനും മറുതയ്ക്കും കള്ള് കൊടുത്തു. ചുവന്ന പട്ടുടുപ്പിച്ച് കളത്തിലിരുത്തി പാട്ട് കഴിപ്പിച്ചു. പഴുപ്പിച്ച ഇരുമ്പുകമ്പി തുടകളിൽ വച്ചു. ഫലമില്ല.

ഭൂതകാലത്തിന്റെ പ്രാചീനാന്ധകാരത്തിൽ, ഐതിഹ്യങ്ങളുടെ നിബിഡവനാന്തരങ്ങളിൽ തപ്പിത്തടഞ്ഞ് അച്ചുതൻകുട്ടിയുടെ ഓർമ്മകൾ പൊട്ടിത്തെറിച്ചു. തകർന്ന ഭ്രൂണങ്ങളുടെ മഞ്ഞജലം പരന്ന കാഴ്ചയിൽ അവൻ ജന്മപുരാണമെടുത്ത് പകുത്തു. ഏഴു വരിയും ഴക്ഷരവും തള്ളി വായിച്ചു.

അച്ഛൻ നാരായണഗുപ്തൻ. അമ്മ കുഞ്ഞൂട്ടി ചെട്ടിച്ചാർ. നാരായണഗുപ്തൻ കുഞ്ഞൂട്ടിയെ ഉഴുതുമറിച്ച്, ചാലു കീറി വിത്തെറിഞ്ഞപ്പോൾ വിളഞ്ഞത് പടുമുള അച്ചുതൻകുട്ടി. പിറവിയിൽ മുക്കോടിന്റെ വിടവിലിരുന്ന് മരപ്പല്ലി വീണ്ടും ലക്ഷണം പറഞ്ഞു: "ഇവൻ ഇരുപത്തിനാലാം വയസ്സിൽ ഊമയാകും."

നാരായണഗുപ്തന് പലചരക്ക് കടയായിരുന്നു. വായില്ല്യാംകുന്നിലെ ഹരിജൻകോളനിയുടെ ഹീനമായ കുടലുകളിൽ നാരായണഗുപ്തന്റെ അരിയും പരിപ്പും എണ്ണയും ദഹിക്കാതെ കിടന്നു. അരിയിൽ പൊടിച്ച വെള്ളാരങ്കല്ല്.  തുവരപ്പരിപ്പിൽ കേസരിപ്പരിപ്പ്. വെളിച്ചെണ്ണയിൽ റബ്ബർക്കുരുവിന്റെ എണ്ണ.

കൊത്തമ്പാലയിൽ ഊരകക്കായ. മഞ്ഞളിൽ മഞ്ഞക്കാവി. മുളകുപൊടിയിൽ ചെങ്കൽപ്പൊടി.

ഹരിജൻ കോളനിയിലെ കുട്ടികളുടെ കറുത്ത കോശങ്ങൾ ചീർത്ത് സമ്പുഷ്ടമായി. പല്ലുകൾ മഞ്ഞച്ച് സ്വർണ്ണപല്ലുകളായി. മോണകൾ പഴുത്തു. സ്വർണ്ണപ്പല്ലുകൾ കൊഴിഞ്ഞു. കഴുത്തിലെ പേശികൾ സിമന്റ് പോലെ ഉറച്ചു. സ്വനഗ്രന്ഥി പൊട്ടി കരച്ചിൽ നഷ്ടപ്പെട്ടു. കുട്ടികൾ ഒന്നൊന്നായി ചത്തടിഞ്ഞ് വായില്ല്യാംകുന്നിൽ ഹരിജന് വംശനാശം സംഭവിച്ചു.

ഒറ്റപ്പാലത്തു നിന്നും വന്ന ഫുഡ് ഇൻസ്പെക്ടർ കടയടച്ച് മുദ്ര വെച്ചു. നാരായണഗുപ്തനെ കാൺമാനില്ല.

നാരായണഗുപ്തൻ കാശിക്ക് പോയിട്ടുണ്ടാകുമെന്ന് അച്ചുതൻകുട്ടി നിരൂപിച്ചു. നടകൾ ചവിട്ടി, പുണ്യതീർത്ഥങ്ങൾ മുങ്ങി, ദേശാടനത്തിലായിരിക്കും. നാരായണഗുപ്താ, താങ്കൾ പറച്ചിയെ കെട്ടും. അവളിലൂടെ അച്ചുതൻകുട്ടിമാരുടെ കുലം തുടർന്നുപോകും. പൂട്ടിയ ചുണ്ടുകൾക്കു പിറകിൽ അച്ചുതൻകുട്ടി നിശ്ശബ്ദമായി ചിരിച്ചു.  

ഉഷ്ണം കൂടുകയാണ്. തലച്ചോറ് ഉരുളിയിലെ പായസം പോലെ  തിളച്ചു മറിയുകയാണ്. അമ്മേ... തൊണ്ട നനയ്ക്കാൻ ഇറ്റ് വെള്ളം തായോ... അവൻ ഞെരങ്ങി.

പക്ഷെ, അമ്മയെവിടെ? പറങ്കിമൂച്ചിക്കാട്ടിൽ, മീനവെയിലിന്റെ ചുളിഞ്ഞ വിരിയുള്ള ചരൽമെത്തയിൽ, നഗ്നയായ കുഞ്ഞൂട്ടി. അടുക്കളയുടെ പുറകിലും തട്ടിൻപുറത്തും തൊഴുത്തിലും വളക്കുഴിയിലും വാഴക്കൂട്ടത്തിലും പുളിമാവിന്റെ കൊമ്പിലും പതുങ്ങിയിരിക്കുന്ന കുഞ്ഞൂട്ടിയുടെ ജാരന്മാർ. ഒരു ദിവസം അവർ അച്ചുതൻകുട്ടിയെ കൊല്ലും.   

വേളിയെ മടിയിൽ കിടത്തി, പ്രേമപൂർവ്വം പേൻ നോക്കുകയായിരുന്നു വരരുചി. നെറുകയിൽ ആണിപ്പഴുത്!
"ഇതെങ്ങിനെ വന്നു?"
"ഓർമ്മയില്ലേ?" പറച്ചി ചിരിച്ചു: "പിറന്നപ്പോൾ കൊല്ലാൻ തറച്ചതാണ്."
വരരുചിക്ക് എല്ലാം ഓർമ്മ വന്നു: "എന്നാൽ പോകാം."
"പോകാം."

കാടും മേടും കയറിമറഞ്ഞ് , കുറ്റിക്കാടുകളിലെ ഇല്ലാവഴികളിൽ ചവിട്ടി, പന്ത്രണ്ടു വർഷത്തെ പലായനം. പ്രവാസത്തിന്റെ പാതച്ചാലുകളിൽ കിടന്ന് പറച്ചി പന്ത്രണ്ട് പെറ്റു.
"കുട്ടിക്ക് വായുണ്ടോ?"
"ഉണ്ട്."
"എന്നാലവിടെയിട്ടോ, വാ കീറിയ ദൈവം ഇരയും നല്കും." 

ദീർഘയാത്രയിൽ അവർ കൈമാറിയ ഒരേയൊരു സംഭാഷണം അതായിരിക്കുമെന്ന് അച്ചുതൻകുട്ടിക്ക് തോന്നി.

അച്ചുതൻകുട്ടി  ഇരപിടിക്കുന്നതിനു വേണ്ടി  ട്യൂട്ടോറിയലിൽ പഠിപ്പിച്ചിരുന്നു . 
"മാഷേ... മഞ്ജരിയുടെ ലക്ഷണമെന്താണ്?"

"ശ്ലഥകാകളി വൃത്തത്തിൽ..." 

അച്ചുതൻകുട്ടി ശിഷ്യർക്കിടയിൽ സ്തംഭിച്ചു നിന്നു. മഞ്ജരിയുടെ ലക്ഷണം മറന്നുപോയി.
അതായിരുന്നു തുടക്കം.

"നീ ഇപ്പോൾ ട്യൂട്ടോറിയലിൽ പോകുന്നില്ലേ?"
"ഇല്ല."
"അതെന്താ?"
"മഞ്ജരിയുടെ ലക്ഷണം അറിയില്ല."
"ങേ !"
"ഉം."

ജന്മനക്ഷത്രം ഇരുപത്തിനാലാം കളത്തിലേക്ക് അടുക്കുംതോറും  അച്ചുതൻകുട്ടി നിശ്ശബ്ദനായി വന്നു. പീടികത്തിണ്ണകളിലേയും കവലകളിലേയും സംഭാഷണങ്ങളിൽ നിന്ന് അവൻ ഒഴിഞ്ഞു മാറി. നിർബന്ധിക്കുമ്പോൾ ഒന്നോ രണ്ടോ വാക്കിൽ കാര്യം പറഞ്ഞു. ഒടുവിൽ വെറും മൂളലായി മാറി. 

"അച്ചുതൻകുട്ടിയെ ഈയിടെ വായനശാലയിലൊന്നും കാണാറില്ലല്ലോ?"
"ഉം."
"നവലോക ക്രമത്തിലെ ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ച് ചർച്ചയുണ്ട് . അച്ചുതൻകുട്ടി വരണം."
"ഉം"
അവൻ നടന്നു.

"അച്ചുതൻകുട്ടി  നാല് കമ്മിറ്റികളിൽ ഹാജരായില്ല."
"ഉം."
"ഞങ്ങൾക്ക് നടപടിയെടുക്കേണ്ടി വരും."
"ഉം."
അച്ചുതൻകുട്ടി വേറൊരു വഴിക്ക് നടന്നു.

അരക്കെട്ടിലെ അശാന്തമായ ജ്വാലയിൽ  അണലിയെ പോലെ ചുറ്റിക്കിടന്ന്‌ അവൾ ചോദിച്ചു: "എന്നെ ഇഷ്ടമാണോ?"
"ഉം."
"എനിക്ക് ഇഷ്ടമാണ്."
"ഉം."
"മൂളിയാൽ മതിയോ?"
"ഉം."

കൂമനെ പോലെ മൂളി, പകൽ വെളിച്ചത്തിൽ കണ്ണ്  കാണാതെ,  അച്ചുതൻകുട്ടി തപ്പിത്തടഞ്ഞു നടന്നു. മൂളി മൂളി ക്ഷീണിച്ചപ്പോൾ  മൂളലും നിർത്തി വച്ചു.

"എന്താ കുട്ട്യേ... മുഖത്തൊരു വല്ലായ്മ?"
....

"ചോദിച്ചതിന് ഉത്തരം പറഞ്ഞൂടെ?"
....

ചോദിച്ചതിനൊന്നും അച്ചുതൻകുട്ടി  ഉത്തരം പറഞ്ഞില്ല. 
പ്രണയത്തിൽ, ഇടവഴിയിലെ കുശലാന്വേഷണത്തിൽ, വായനശാലയിൽ, കമ്മിറ്റിയിൽ അവന് വാക്കില്ലാതായി.

"എടാ, നമ്മടെ അമ്മാളു കിണറ്റിൽ ചാടി... ശവം കേറ്റാൻ പോലീസ് വന്നിട്ടുണ്ട്. നമുക്ക് കാണാൻ പോണ്ടേ?"
"അറിഞ്ഞോ... വടക്കേലെ കൃഷ്ണൻ ഒളിച്ചോടി."
"പ്രഭാകരനെ ഇന്നലെ രാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കി മറ്റേ കൂട്ടര് വെട്ടിക്കൊന്നു."
"കാളിയുടെ ചെക്കൻ  ചത്തു...പട്ടിണ്യാത്രേ!"

അനാഥശവമായി, അയൽവീട്ടിലെ ഭ്രാന്തിയുടെ അലർച്ചയായി, ലോക്കപ്പ് മരണമായി, കത്തുന്ന വീടായി നിശ്ശബ്ദത അച്ചുതൻകുട്ടിയിൽ വളർന്നു. ഉയരത്തിലെ ഒറ്റക്കൊമ്പിൽ, വിറയ്ക്കുന്ന കൈകൾ ഒരുക്കുന്ന കയറിൻകരുക്കായി, നിശ്ശബ്ദത അവന്റെ തൊണ്ടയിൽ മുറുകി. അതോടെ  വാക്ക് അവനിൽ നിന്നും വിട്ടു നിന്നു.

വാക്കില്ലായ്മയിലൂടെ  വിധവകളും കൊലചെയ്യപ്പെട്ടവരുടെ കൊച്ചുകുട്ടികളും വിശന്നു ചത്ത കുഞ്ഞുങ്ങളുടെ അമ്മമാരും അച്ചുതൻകുട്ടിക്കു നേരെ വിരൽചൂണ്ടി. കുറ്റപ്പെടുത്താൻ ചൂണ്ടുന്ന വിരലുകളുടെ എണ്ണം കൂടുമ്പോൾ അച്ചുതൻകുട്ടി ഭയന്നു. ഭയത്താൽ പേപിടിച്ച്, ഇടവഴികളും വേലികളും ചാടിമറിഞ്ഞ്, അറ്റക്കഴായകൾ എടുത്തുചാടി, അവൻ ഓടി. ഓടിയോടി കിതച്ചപ്പോൾ അമ്പലക്കുളത്തിന്റെ കല്പടവുകളിൽ ചെന്നിരുന്നു.

നട്ടുച്ച. അമ്പലമുറ്റവും കുളക്കടവും ആളൊഴിഞ്ഞു കിടന്നു. നോക്കിയിരിക്കെ, അരയാലിലകൾ സാവധാനം നിശ്ചലമായി. കാറ്റ് നിലച്ചു.

കുളക്കരയിലെ  കൈതകളും തെച്ചിക്കാടുകളും വെറുങ്ങലിച്ചു. അമ്പലക്കുളത്തിൽ ജലം നിഗൂഢമായി തിളങ്ങി. ജലവിതാനം പച്ചസ്ഫടികമായി.

പെട്ടന്ന്, നട്ടുച്ചയുടെ ആകാശത്ത് സൂര്യൻ എങ്ങോ പാളി മറഞ്ഞ് ഇരുട്ട് വീണു. കൽവിളക്കിലെ തിരികൾക്ക് സ്വയം തീ പിടിച്ചു. പാലകൾ തരിച്ചു പൊട്ടി, പൂക്കൾ വിടർന്ന് രൂക്ഷഗന്ധം പരന്നു. കൊട്ടത്തറിയുടെ തൊലി പൊളിഞ്ഞ് ചറമൊഴുകി.

ജലത്തിന്റെ മധ്യഭാഗം പിളർന്ന് വായില്ല്യാക്കുന്നിലപ്പൻ ഉയർന്നു വന്നു. ഒരു നൊടിനേരത്തെ ദർശനം. അകാലപ്രസവത്തിൽ ഉറയ്ക്കാതെ പോയ കണ്ണും മൂക്കും കൈകാലുകളുമുള്ള മൂർത്തിരൂപം. വായയുടെ സ്ഥാനത്ത് ഇറച്ചിത്തുണ്ടം പറ്റിപ്പിടിച്ച് നിന്നു. വായില്ല്യാക്കുന്നിലപ്പൻ   തോലുറയ്ക്കാത്ത കൊച്ചു കൈകൾ നീട്ടി, അച്ചുതൻകുട്ടിയുടെ നെറുകയിൽ തൊട്ടനുഗ്രഹിച്ചു.

കുളക്കടവിൽ ബോധമറ്റ് കിടന്ന അച്ചുതൻകുട്ടിയെ, ആളുകൾ താങ്ങിയെടുത്താണ്  വീട്ടിലെത്തിച്ചത്.

അങ്ങിനെ ഇരുപത്തിനാലാം പിറന്നാളിൽ അച്ചുതൻകുട്ടി  ഊമയായി.

നടന്നു നടന്ന് കടമ്പഴിപ്പുറത്തെത്തിയപ്പോൾ ഇരുട്ടായിരുന്നു. പാതിരാവിലാണ് പറച്ചിക്ക് ഈറ്റ്നോവെടുത്തത് . കാരമുൾക്കൂട്ടത്തിൽ പെറാൻ കിടക്കുമ്പോൾ ഈ കുഞ്ഞിനെയെങ്കിലും വളർത്തണമെന്ന് അവൾ ആഗ്രഹിച്ചു.
"കുട്ടിക്ക് വായുണ്ടോ?"
"ഇല്ല."
"എന്നലവിടെയിട്ടോ. വാ കീറാത്തവന് ഇര വേണ്ട."

കുഞ്ഞിന്  വായ ഇല്ലായിരുന്നു. പെറ്റു വീണപ്പോൾ കരഞ്ഞില്ല. മുല കുടിച്ചില്ല. നാക്കും വാക്കുമില്ല. ജീവിക്കാൻ ഇര തേടേണ്ട. അവൻ ഉഗ്രമൂർത്തിയാണ്. വായില്ല്യാക്കുന്നിലപ്പനാണ്.

നിദ്രാവിഹീനതയുടെ ഇടവേളകളിൽ വായില്ല്യാക്കുന്നിലപ്പൻ അച്ചുതൻകുട്ടിയുടെ ഉൾക്കണ്ണ് ഭേദിച്ച് വീണ്ടും വീണ്ടും പ്രത്യക്ഷമായി. ഓരോ ദർശനത്തിലും അച്ചുതൻകുട്ടി  യാചിച്ചു:  പോ പോ... ദൈവമേ. എന്നെ ഉപേക്ഷിച്ച് ദൂരെപ്പോ....

ഇല്ല. വായില്ല്യാക്കുന്നിലപ്പന്റെ കനത്ത വായ നിശ്ശബ്ദമായി പറഞ്ഞു: ഞാൻ നിന്റെ മൂർത്തിയാണ്. നിന്നെപ്പോലെ വാക്ക് നഷ്ടപ്പെട്ടവരുടെ... ഉച്ചാരണമില്ലാത്തവരുടെ... ഭരദേവതയാണ്.

ദൈവത്തിന്റെ വായയുടെ സ്ഥാനത്തുള്ള ചോര പുരണ്ട ഇറച്ചിക്കക്ഷണം പൊട്ടിച്ചിരിക്കുന്നതുപോലെ കമ്പനം ചെയ്തു.

അച്ചുതൻകുട്ടി   അബോധത്തിന്റെ ഒച്ചയില്ലാതൊഴുകുന്ന ജലത്തിൽ, ദിശയില്ലാതെ തുഴഞ്ഞു. വാക്കുകളുടെ ഒച്ച ദൈവത്തിനു നിവേദിക്കപ്പെട്ടു. ബാക്കിയായത് ഓർമ്മകളുടെ മൂകഭാഷ. അതിന്റെ വിചിത്രരൂപകങ്ങളിൽ മുഴുകി അച്ചുതൻകുട്ടി രാവും പകലും കോലായയിൽ മലർന്നു കിടന്നു.

അങ്ങിനെയങ്ങിനെ ഒരു ഓർമ്മയുണ്ടായി. ഒന്നാംക്ലാസ്സിൽ ആദ്യാക്ഷരം കോറുമ്പോൾ വീണു പൊട്ടിയ സ്ലേറ്റിന്റെ ഓർമ്മ. നുറുങ്ങിയ കറുത്ത സ്ലേറ്റുപൊട്ടുകളിൽ ആദ്യത്തെ  'റ' ചിതറിക്കിടക്കുന്നു.

ഇപ്പോൾ സ്മരണകളുടെ മൂകവ്യാകരണവും വറ്റുകയാണ്. ഓർമ്മകളെ കൂട്ടിപ്പിടിച്ചുനിർത്തിയ ഘടന തകരാൻ തുടങ്ങി. അർത്ഥം സദാ വഴുതുന്ന ദമിത സൂചിതമായി.

അച്ചുതൻകുട്ടി   ഓരോ വാക്കുകളായി മറന്നു.

തറ, പറ, മുറം, ശ്ലഥകാകളി, ഉജ്ജയിനി, ഐതിഹ്യമാല, പാൽപായസം, കാഞ്ഞിരം, ഗൌളി, വെള്ളാരങ്കല്ല്, മീനം, ഫാസിസം, ആലില, നടപടി, സ്ഫടികം, സൂര്യൻ, ഞാൻ- അറിഞ്ഞ ഒരോ വാക്കും അച്ചുതൻകുട്ടിയെ  ഉപേക്ഷിച്ചു.

ആദ്യപാഠം മറന്നു. പിന്നെ അമ്പത്താറക്ഷരങ്ങൾ ഒന്നൊന്നായി പ്രജ്ഞയിൽ നിന്ന് മാഞ്ഞുപോയി. 'റ' മാഞ്ഞു... 'ള' മാഞ്ഞു... കുഞ്ഞിക്കാലടികൾ പുറകോട്ടു പിച്ച വെയ്ക്കുകയാണ്.

മീനവെയിൽ കോലായയിൽ വിലങ്ങനെ വീഴുമ്പോൾ  'അ' അവശേഷിച്ചു.

സാവധാനം 'അ'യുടെ ചുളിവുകളും വളവുകളും നിവർന്നു.
അത് ഒരു വരയായി.
.........

വര അഗ്രബിന്ദുക്കളിൽ നിന്ന് ചുരുങ്ങി വന്ന് ബിന്ദുവായി. ബിന്ദു അവ്യക്തമായി.

ഓർമ്മയും ചിന്തയും ഭാഷയും അവസാനിച്ച അച്ചുതൻകുട്ടിയുടെ സത്ത മീനച്ചൂടായി, ശൂന്യതയായി, സർവ്വരഹിതമായി പാറിക്കിടന്നു.

അന്നേരം തലച്ചോറ് ലാവപോലെ തണുത്തുറഞ്ഞു. ശിരസ്സും കഴുത്തും മാറിടവും കൈകാലുകളും മുടിയും നഖവും ലിംഗവും ഖരീഭവിച്ചു. നാവും ചെറുനാവും ശിലാഖണ്ഡങ്ങളായി. അച്ചുതൻകുട്ടി നാമരൂപമില്ലാത്ത കല്ലായി.

അത് കൃഷ്ണശിലയിൽ കൊത്തിയെടുത്ത വായില്ല്യാക്കുന്നിലപ്പന്റെ വിഗ്രഹമായി. 








Friday, March 25, 2016

വ്യാധഗീതാപ്രഭാഷണം - A Story

വ്യാധഗീതാപ്രഭാഷണം: വിദ്യാധരൻ പുൽച്ചാടി (10 A.M, ക്ണാശ്ശീരി)


കഥ                                                                         എം. നന്ദകുമാർ  

                                                                                                

          ക്ണാശ്ശീരിയുടെ മേച്ചിൽപ്പുറങ്ങളിൽ പത്ത് മണിയുടെ വെയിൽ പരക്കുന്നു.  ഷിബു എന്ന ഋഷഭം ഗോമതിപ്പശുവുമൊത്ത് പുൽമേടുകളിൽ നടക്കുന്നു. (കൂടുതൽ പശ്ചാത്തലവിവരണം ആവശ്യമില്ല - ക്ഷേമേന്ദ്രന്റെ ഔചിത്യവിചാരചർച്ച* പിൻപറ്റുകയാണെങ്കിൽ.)  

പാഴിലകൾക്കിടയിൽ 'ക്ണാശ്ശീരി ടൈംസി'ന്റെ ഏതാനും ഏടുകൾ കിടപ്പുണ്ടായിരുന്നു. പത്രം അകത്താക്കുന്നതിന്  മുമ്പ് ഷിബു മുൻപേജിലൂടെ കണ്ണോടിച്ചു . 

"എടിയേ! ഗോമതിയേ..."ഷിബു നീട്ടി വിളിച്ചു: "നിനക്കിതാ നല്ല കാലം വരാൻ പോകുന്നു."

ഗോമതി ചെവികൾ പൊക്കി:  "അതിനിയെങ്ങിനെ വരാനാ, ഷിബുച്ചേട്ടാ?"

"നീയിത് കണ്ടോ? ......'ക്ണാശ്ശീരിയിൽ ഗോവധനിരോധനം'..."

ഗോമതി ഷിബുവിനെ സാകൂതം നോക്കി: "രാവിലെത്തന്നെ വല്ല കൊട്ടിക്കള്ളിക്കായയും അകത്താക്കി ആര്യപുത്രൻ ഫിറ്റായോ?"

അല്ലെന്ന് ഷിബു കൊമ്പുകൾ കുലുക്കി:

"രാമങ്കുട്ടി മൂത്താർ നിന്റെ അകിട്ടിലെ അവസാന തുള്ളി പാലും ചോരയും ഊറ്റിയാലും നിന്നെ കൊല്ലാൻ കൊടുക്കത്തില്ല.... പശുവിനെ അറക്കുന്നവനെ അറക്കാൻ നിയമം പാസ്സായി."

ക്ണാശ്ശീരിക്കാർക്ക് ഇങ്ങനെയൊരു മനംമാറ്റത്തിന് സംഗതിയെന്ത്? ഗോമതി ആശയക്കുഴപ്പത്തിലായി. 

ഷിബു തവിട്ടു പല്ലുകൾ കാട്ടി ചിരിച്ചു:

"ഇനി മുതൽ നീയാണ് അംശംഅധികാരികളുടെ പുണ്യപൂജനീയമാതാശ്രീ...ക്ണാശ്ശീരി ദേശീയമൃഗം."

"മ്പേ...മ്പേ..." ഗോമതി ആഹ്ലാദത്തിമർപ്പിൽ അമറി. പിന്നെ, ചിന്താവിഷ്ടയായി: "ചേട്ടാ... കാളപോത്ത്മൂരിക്കുട്ടൻ ജൻഡറിന് ഈ ഭേദഗതി ബാധകമാണോ? സൂക്ഷിച്ചൊന്ന് വായിച്ചേ ... രാഷ്ട്രീയനിരീക്ഷകർ വല്ലതും സൂചിപ്പിച്ചിട്ടുണ്ടോന്ന് ?"

എഡിറ്റോറിയലും വാചകമേളയും അയവിറക്കി ഷിബു ദുഃഖത്തോടെ താടയാട്ടി:

"തത്ക്കാലം പഴുതുകളൊന്നും കാൺമാനില്ല, പൊന്നേ... മുതുക്കനായാൽ ഞാൻ വല്ല ഇറച്ചിക്കടയിലും ഇരുമ്പ് കൊളുത്തിൽ തൂങ്ങിക്കിടക്കും. ഫാസ്ബിൻഡർ* സിനിമയിലെ ചുവന്ന ഫ്രെയിം പോലെ."


പോസ്റ്റ്‌ ഫ്രോയിഡിയൻ-ഴാക് ലാകാനിയാൻ* മന:ശ്ശാസ്ത്രനിരീക്ഷണത്തിൽ ഷിബു നിരാശ മറച്ച് വെച്ചു: 

"മനുഷ്യർ, അവരുടെ കാസ്ട്രേഷൻ ഫിയർ മറികടക്കും വരെ ഞങ്ങളുടെ വരിയുടക്കട്ടെ."



മേൽപ്പറഞ്ഞ കാള-പശു ഡിസ്കോഴ്സിന് ചെവിയോർത്ത് തൊട്ടടുത്തുള്ള കാട്ട്തെച്ചിക്കൂട്ടത്തിൽ ഒരു പുൽച്ചാടി ഇരുപ്പുണ്ടായിരുന്നു. കഴിഞ്ഞ ജന്മത്തിൽ കാൻസാസ് സ്റ്റേറ്റ് സർവ്വകലാശാലയിൽ ഒരു റിസർച്ച് സ്കോളറായിരുന്നു പ്രസ്തുത പുൽച്ചാടി. പേര് വിദ്യാധരൻ. വിഷയം 'മതബലികളും രാഷ്ട്രതന്ത്രങ്ങളും'. വകതിരിവില്ലാതെ മോഷ്ടിച്ച, പടിഞ്ഞാറൻ സോഷ്യോളജി ആശയങ്ങളിൽ പോലും ഉറച്ച് നില്ക്കാൻ വിദ്യാധരന് കഴിഞ്ഞില്ല. മരണാനന്തര ബാലൻസ് ഷീറ്റ് പരിശോധിച്ച ചിത്രഗുപ്തൻ വിധിച്ചു: "നീയൊരു പുൽച്ചാടിയായി പോകട്ടെ." 

വിദ്യാധരൻ ചിന്തിച്ചു: മനുഷ്യരുടെ കർമ്മങ്ങളും നീതിശാസ്ത്രങ്ങളും പിടികിട്ടാൻ മറ്റ് ജീവജാലങ്ങൾക്ക് യാതൊരു മാർഗ്ഗവുമില്ല. ഏതായാലും മനുഷ്യകേന്ദ്രീകൃതമായ ഈ Anthropomorphic വ്യാഖ്യാനവ്യൂഹത്തിൽ ഷിബുവും ഗോമതിയും വെറുമൊരു പുൽച്ചാടിയായ ഞാനും അകപ്പെട്ടു കഴിഞ്ഞു. എന്നിരിക്കെ, കഴിഞ്ഞ ജന്മത്തിൽ സ്കോളറാകാൻ വേണ്ടി വായിച്ച വ്യാധഗീതയുടെ രത്നച്ചുരുക്കം ഈ നാൽക്കാലികളുമായി ചർച്ച ചെയ്യുക തന്നെ. രാത്രിയിൽ സാപ്പിട്ട രാസവിഷം ഭക്തിമാർഗത്തിൽ വിരേചിച്ച് കളയാൻ സാധിച്ചാലോ...







തെച്ചിപ്പൊന്തയുടെ മേൽഭാഗത്തുള്ള ഒരു കമ്പിലേക്ക് ചാടിക്കയറി വിദ്യാധരൻ പ്രഭാഷണമാരംഭിച്ചു:

"അല്ലയോ , കാളശ്രേഷ്ഠാ, പശുമാതാവേ... നരവംശം കൊണ്ടാടുന്ന അനേകം പുരാണങ്ങളിൽ ഒന്നാണ് മഹാഭാരതം. ആ ഗ്രന്ഥത്തിലുള്ള വനപർവ്വത്തിലെ ഒരു ഭാഗം ഞാൻ സംക്ഷിപ്തമായി പറയാം. വ്യാധഗീത അഥവാ അറവ്കാരന്റെ ധർമ്മോപദേശം. മാർക്കണ്ഡേയ മുനി യുധിഷ്ഠിരന് പറഞ്ഞ് കൊടുത്ത കഥയാണിത്. നിങ്ങളുടെ വ്യഥകൾക്ക് സ്വല്പം ശമനമാകുമെന്ന് കരുതിയാണ് ഞാനീ ഗീതാപാരായണയജ്ഞത്തിനു മുതിരുന്നത്."

ഷിബുവും ഗോമതിയും ദത്തശ്രദ്ധരായി വിദ്യാധരന് മുന്നിൽ ചെരിഞ്ഞ് കിടന്നു. അവരെ ചുറ്റിപ്പറ്റി കുറേ കടിയൻ പ്രാണികളും ഏതാനും തടിയൻ ഈച്ചകളും നാലഞ്ച് കാക്കകളും എത്തിയതോടെ തെച്ചിപ്പൊന്തക്ക് താഴെ സദസ്സ് നിറഞ്ഞുകവിയുകയായി. 

വിദ്യാധരൻ പച്ചച്ചിറകുകൾ വിടർത്തി വീശി. നെറ്റിയിലെ നീളൻ സ്പർശനികൾ പൂർവ്വജന്മത്തിലേക്ക് ആന്റിനകളായി നിവർത്തിപ്പിടിച്ചു. അതോടെ കൻസാസ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച തീസിസിലെ ഉദ്ധരണികൾ വിദ്യാധരന് വെളിപാട് സിഗ്നലുകളായി. സദസ്സിന് കൈകൂപ്പി പുൽച്ചാടി പറഞ്ഞു തുടങ്ങി:

"പണ്ട് പണ്ട്, കൗശികൻ എന്നൊരു ബ്രാഹ്മണകുമാരൻ വൃദ്ധരായ മാതാപിതാക്കളെ വീട്ടിൽ തനിച്ചാക്കി, കാട്ടിലേക്ക് പോയി. ആത്യന്തികസത്യം എന്നൊന്നുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ സ്വരൂപമെന്ത്, ധർമ്മം എന്നാലെന്ത്, അത് നിർവ്വഹിക്കേണ്ടത് എപ്രകാരം? മുതലായ ചോദ്യങ്ങളാണ് കൗശികനെ അലട്ടിയിരുന്നത് ...

വനത്തിനുള്ളിൽ പറ്റിയൊരു സാലവൃക്ഷത്തണൽ കണ്ടെത്തി, കൗശികൻ ഉഗ്രതപസ്സാരംഭിച്ചു. കായ്കനികൾ ഭക്ഷിച്ചും പുഴവെള്ളം കുടിച്ചും മനുഷ്യരുടെ കണക്ക് പ്രകാരമുള്ള കൊല്ലങ്ങൾ കുറേ കടന്നു പോയി. തടി മെലിഞ്ഞതും ജട പിടിച്ചതും മിച്ചം. യുവസന്ന്യാസിക്ക് മോക്ഷമാർഗ്ഗത്തെക്കുറിച്ച് യാതൊരു എത്തും പിടിയും കിട്ടിയില്ല. 

അങ്ങിനെയിരിക്കെ, ഒരു നട്ടുച്ച നേരത്ത് അദ്ദേഹത്തിന് നെറുകുംതലയിൽ ഒരു തണുപ്പനുഭവപ്പെട്ടു. മൂലാധാരത്തിൽ നിന്ന് കുണ്ഡലിനിയുണർന്ന് സഹസ്രാധാരപത്മത്തിലെത്തി ബോധോദയം വന്നുദിച്ചോ? യുവയോഗി തലയിൽ തപ്പി നോക്കി. മരക്കൊമ്പിലിരുന്ന് ഒരു കാക്ക തൂറിയതായിരുന്നു. കൗശികൻ ക്രോധത്തോടെ കാക്കയെ തുറിച്ച് നോക്കി. ഹമ്പോ! ആശ്ചര്യമെന്നേ പറയേണ്ടൂ... കൗശികന്റെ നോട്ടമേറ്റതും കാകൻ കരിഞ്ഞ് വെണ്ണീറായി!!

ആദ്യത്തെ അമ്പരപ്പ് മാറിയതിന് ശേഷം നമ്മുടെ കൗശികന് കാര്യം പിടികിട്ടി. അതായത്, തനിക്ക് ദിവ്യശക്തി കൈവന്നിരിക്കുന്നു. സംന്യാസചര്യയിൽ അടുത്ത പടി ഭിക്ഷാടനമാണ്. പോരാത്തതിന് നല്ല വിശപ്പും. കൗശികൻ തപ:സ്ഥാനം വിട്ട്, കാടും കടന്ന് നടന്നു. ഗ്രാമാതിർത്തിയിൽ ആദ്യം കണ്ട വീട്ടിലേക്ക് കയറി. വീട്ട്തിണ്ണക്കരികിൽ ഭിക്ഷ പ്രതീക്ഷിച്ച് നില്പായി .

അടുക്കളയിൽ നിന്ന് താളിപ്പിന്റെ ചൂരും വറവുകളുടെ ചീറ്റലും ഉയർന്നതല്ലാതെ ആരും വരുന്ന ലക്ഷണമില്ല. കൗശികൻ ഉമ്മറവാതിലിലൂടെ പാളി നോക്കി. ഒരു തടിയൻ പലകയിട്ടിരുന്ന് വിസ്തരിച്ച് ഊണ് കഴിക്കുന്നു. രുചിയറിഞ്ഞ് അയാളെ ഊട്ടികൊണ്ടിരിക്കുന്ന ഭാര്യ. തന്നെ പോലൊരു മുനിവര്യൻ മുറ്റത്ത് നിൽക്കുന്നുണ്ടെന്ന ഭാവം അവൾക്കില്ല. കൗശികൻ അവൾക്കു നേരെ ഉഗ്രമായ നോട്ടങ്ങൾ പായിച്ചു. ആ സ്ത്രീയാകട്ടെ, പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു: 

"ആ വേല മനസ്സിലിരിക്കട്ടെ. നിങ്ങൾ നോക്കിയാൽ ദഹിക്കാൻ, ഞാൻ മരക്കൊമ്പിലിരിക്കുന്ന കാക്കയല്ല."

കൗശികന് തല കറങ്ങുന്നത് പോലെ തോന്നി: "അക്കാര്യം നീയെങ്ങനെ അറിഞ്ഞു?"

"സ്വധർമ്മം അനുഷ്ഠിക്കുന്നവർക്ക് കാര്യം ഗ്രഹിക്കാൻ ദിവ്യദൃഷ്ടി വേണ്ട. എന്റെ ഭർത്താവ് നാട് നീളെ തെണ്ടി, എള്ള് വിറ്റു തളർന്നു വന്നിരിക്കുകയാണ്. അദ്ദേഹത്തിനു ചോറ് കൊടുത്തിട്ടേ നിങ്ങൾക്ക് പിച്ച തരേണ്ടതുള്ളൂ. അത് തന്നെ എന്റെ രഹസ്യം."

ഭർത്താവിന്റെ ഊണ് കഴിഞ്ഞതിനു ശേഷം അവൾ കൌശികന് ഭക്ഷണം നല്കി. യാത്ര പറയാൻ നേരത്ത് സംന്യാസി അവളോട് ചോദിച്ചു: 

"ധർമ്മത്തിന്റെ ഉള്ളുകള്ളികൾ വിചിത്രമാണ്. ആരെനിക്കത് ഉപദേശി ച്ചു തരും?"

എള്ള് കച്ചവടക്കാരന്റെ പെണ്ണ് സംന്യാസിയെ സഹായിക്കാനുറച്ചു.

"നിങ്ങൾ മിഥിലയിലേക്ക് ചെല്ല്. അവിടെ മഹാജ്ഞാനിയായ ഒരു ഇറച്ചിവെട്ടുകാരനുണ്ട്. നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി അയാളുടെ കയ്യിലുണ്ടാവണം."

അപ്രകാരം കൗശികൻ മിഥിലയിലേക്ക് യാത്രയായി. ജനപദങ്ങളിലെ കോലാഹലങ്ങളിൽ പെട്ടും ആളുകളോട് വഴി ചോദിച്ചും വഴി തെറ്റിയും ഒരുവിധം കൗശികൻ മിഥിലാപുരിയിലെത്തി. ഇറച്ചിക്കടക്ക് മുന്നിലെത്തിയപ്പോഴേക്കും മധ്യാഹ്നം കടന്നിരുന്നു.

"ആര്? കൗശികനോ? വരൂ...വരൂ... ഈ മരക്കുറ്റിയിലിരുന്നാലും . എള്ള് വില്പനക്കാരന്റെ ഭാര്യ പറഞ്ഞയച്ചതാണല്ലേ? എന്റെ കച്ചവടമൊന്ന് തീർത്തോട്ടെ. എന്നിട്ട് നമുക്ക് വീട്ടിലേക്ക് പോകാം..."

കൗശികന് മനോനില തെറ്റുന്നതായി അനുഭവപ്പെട്ടു. തന്റെ വരവും, ആ പെണ്ണ് കളിയാക്കിയതും ഇയാളെങ്ങിനെ മനസ്സിലാക്കി? ഈ ലോകത്ത് ജ്ഞാനം നിഷേധിക്കപ്പെട്ടത്' തനിക്ക് മാത്രമാണോ?

ഏതായാലും കാത്തിരിക്കുക തന്നെ. സംന്യാസി മരക്കുറ്റിയിൽ ആസനസ്ഥനായി. വ്യാധനാകട്ടെ, കൗശികനവിടെയുള്ള കാര്യം മറന്ന മട്ടിൽ തന്റെ കർമ്മങ്ങളിൽ വ്യാപൃതനായി.

കൗശികന് മുന്നിൽ ഭീകരരംഗങ്ങൾ അരങ്ങേറുകയാണ്. പശുവിനെയും കാളയെയും പന്നിയെയും ആടിനെയും തകൃതിയായി വെട്ടുന്നു. തോലുരിക്കുന്നു. വാ പിളർന്ന, നാക്ക് നീട്ടിയ, കണ്ണുകൾ തുറിച്ച ചത്ത തലകൾ കടയുടെ മുന്നിൽ നിരത്തി വെച്ചിട്ടുണ്ട്. കൂർത്ത കൊക്കികളിൽ തൂങ്ങുന്ന തുടയും വാരിയും തോളുകളും. കീഴെ വെച്ച വീപ്പകളിൽ നിറഞ്ഞ്, നിലത്തേക്ക് കവിഞ്ഞൊഴുകുന്ന ചോര. ഒരിടത്ത് കൂമ്പാരമാക്കിയ കുടൽച്ചുരുളുകൾ. അതിനിടക്ക് ആളുകൾ വരുന്നുണ്ട്. വ്യാധൻ വന്നവരോട് വില പേശി, മാംസം തൂക്കി, ഇലയിൽ പൊതിഞ്ഞ് കെട്ടി വില്ക്കുന്നുണ്ട് . എമ്പാടും രക്തവും വസയും മൃഗങ്ങളുടെ അലറിക്കരച്ചിലും. തുലാത്തട്ടിന്റെ ഉയർച്ചതാഴ്ചകൾ. മരണത്തിന്റെ രംഗവേദിയിലിരുന്ന് ഋഷിപുംഗവൻ ഞെരിപിരി കൊണ്ടു.

സൂര്യൻ, പടിഞ്ഞാറ് പിടി വിട്ട് കടലിൽ വീണു. അറവുകാരന്റെ കട പൂട്ടി. അയാൾ അന്നത്തെ സമ്പാദ്യം മടിശ്ശീലയിൽ കെട്ടി.

"ഇനി നമുക്ക് പോകാം. ഈ വഴി നടന്നാലും..."

വീട്ടിലെത്തിയതും വ്യാധൻ മേലാസകലമുള്ള രക്തക്കറകളെല്ലാം കഴുകിക്കളഞ്ഞു. ചോര പുരണ്ട വസ്ത്രം അലക്കി, അയയിൽ തൂക്കി. കൗശികൻ സന്ധ്യാവന്ദനം കഴിച്ച് വരുമ്പോഴേക്കും ഭക്ഷണമൊരുക്കി. കിടക്കപ്പായയിൽ തളർന്ന് കിടക്കുന്ന അച്ഛനമ്മമാരെ അത്താഴമൂട്ടി; അവരെ ഉറക്കാൻ കിടത്തിയ ശേഷം അറവുകാരൻ കൗശികനെ ക്ഷണിച്ചു.

"നമുക്ക് വല്ലതും കഴിക്കാം."

മുറ്റത്ത് വിരിച്ച കയർക്കട്ടിലിലിരുന്ന്, ആ രാത്രി മുഴുവൻ ഇറച്ചിവെട്ടുകാരൻ കൗശികന് ധർമ്മം ഉപദേശിച്ചു. നേരം പുലരുമ്പോഴേക്കും സത്യാന്വേഷിയുടെ മനസ്സിലെ മങ്ങൂഴം മാറിയിരുന്നു. അയാൾ ഗുരുവിനെ പ്രണമിച്ച് സ്വന്തം ഗ്രാമത്തിലേക്ക് യാത്രയായി. തന്നെയോർത്ത് മനസ്സ് പുണ്ണാക്കി, മാതാപിതാക്കൾ ജീവനുപേക്ഷിച്ചോ എന്ന കുറ്റബോധത്തോടെ."

പുൽച്ചാടി ഒരു വട്ടം പറന്ന് , തെച്ചിക്കമ്പിൽ തിരിച്ചു വന്നിരുന്നു. എന്നിട്ട് പ്രസംഗം ഉപസംഹരിച്ചു.

"ഏകദേശം ഇപ്രകാരമാണ് വ്യാധഗീതയെ മുജ്ജന്മത്തിൽ ഞാൻ ഗവേഷണവിഷയമാക്കിയത്."




ഗോമതിയും ഷിബുവും എഴുന്നേറ്റ് നിന്ന് ദേഹമാസകലം ഒന്ന് കുടഞ്ഞു.

ഗോമതിക്ക് മനസ്സിൽ തോന്നിയത് ഷിബു വിദ്യാധരനോട് ചോദിച്ചു:

"ഹേ,സ്കോളറായ പുൽച്ചാടീ...ഈ കഥയിൽ വല്ല ഗുണപാഠവുമുണ്ടോ?"

"മനുഷ്യരുടെ കഥകളിൽ മറ്റ് സ്പീഷീസിനെന്ത് ഗുണപാഠം? മാത്രവുമല്ല; ഒരിക്കലും ചെയ്യാനുദ്ദേശിക്കാത്ത മഹദ്കാര്യങ്ങളെ സാരോപദേശകഥകളാക്കുന്നത് മനുഷ്യരുടെ ഒരു സൂത്രപ്പണിയാണ്. സത്യം, ധർമ്മം, നീതി എന്നിങ്ങനെ പല abstract ചപ്പടാച്ചികളും വലിയ വായിട്ടലക്കുന്ന വിചിത്രജന്തുക്കളാണ് ഇക്കൂട്ടർ. അധികാരം, വിധേയത്വം, ഭയം ... അവയുടെ ആപേക്ഷിക രൂപാന്തരങ്ങളായി സ്നേഹം, വിശ്വാസം, ഭക്തി... അങ്ങനെ പലതും അവർ കാട്ടിക്കൂട്ടും. നിസ്സാര കാര്യങ്ങൾ മതി, അവറ്റ പരസ്പരം വെട്ടിയും കുത്തിയും കൊല്ലും. കോടിക്കണക്കിന് അന്യജീവിവർഗ്ഗങ്ങളെ മുച്ചൂടും മുടിക്കാൻ യാതൊരു മന:സാക്ഷിക്കുത്തുമില്ല. അവരുടെ ആർത്തിയുടെ പുരോഗതിയിൽ ഭൂമി മരുഗ്രഹമായി മാറാൻ ഇനിയെത്ര കാലം? മണലിൽ വരച്ച അവ്യക്തരേഖകളായി മനുഷ്യന്റെ സംസ്കാരവും ചരിത്രവും - വംശം തന്നെയും - മുടിഞ്ഞ് പോകാനുള്ളതാണ്. അക്കൂട്ടത്തിൽ, ഗത്യന്തരമില്ലാതെ അവർക്കിടയിൽ പൊറുക്കാനിടവന്ന ഇക്കണ്ട സസ്യജന്തുജാലവും ഒടുങ്ങിയത് തന്നെ ..."

"താങ്കളുടെ ദോഷൈകദുശ്ശകുനപാരിസ്ഥിതികദുരന്തദർശനം ചിലപ്പോൾ ശരിയായേക്കാം... പക്ഷെ, വ്യാധൻ കൗശികനോട് പറഞ്ഞ ധർമ്മരഹസ്യമെന്താണ്?" ഷിബു ആകാംക്ഷാഭരിതനായി. 

"മനുഷ്യന്റെ മൂല്യവിവരപ്പട്ടികയിലെ പല കാറ്റഗറികളും വ്യാധഗീതയിൽ വിവരിക്കുന്നുണ്ട്. അഹിംസയടക്കം പലതും. അതൊക്കെ പറയാൻ പുറപ്പെട്ടാൽ പാതിരാവാകും. ജീവൻ നിലനിർത്താൻ വേണ്ടി ചെയ്യുന്ന ഒരു ജോലിയും പാപമല്ലെന്ന് അറവുകാരൻ ബ്രാഹ്മണനെ പഠിപ്പിക്കുന്നു. ഇറച്ചിവെട്ട് തൊട്ടുള്ള എല്ലാ പണികളും വിശുദ്ധം തന്നെ. ഭാഗവതപുരാണത്തിൽ സാക്ഷാൽ കൃഷ്ണനും കർമ്മയോഗത്തിൽ സ്വാമി വിവേകാനന്ദനും വ്യാധഗീതയെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട് , പറഞ്ഞിട്ടെന്തു കാര്യം!"

"ഗോമതിയടക്കമുള്ള മൃഗമാതാക്കളെ കശാപ്പ് ചെയ്യരുതെന്ന ഭക്ഷ്യനിയമം നല്ലതല്ലേ വിദ്യാധരൻ?"

പുൽച്ചാടി കൺഗോളങ്ങൾ പരിഹാസരൂപത്തിൽ നാല്ക്കാലികളിലേക്ക് തിരിച്ചു:

"നിങ്ങൾക്കെന്തറിയാം, കൂട്ടരേ? ക്ണാശ്ശേരിയിലെ ഒരു വിഭാഗം പാവങ്ങളുടെ അന്നം മുട്ടിക്കൽ... വംശഹത്യക്ക് വേറൊരു മുടന്തൻ ന്യായം... മറ്റെന്താണ് അംശംഅധികാരികളുടെ പശുപ്രേമം? അടുക്കളയിൽ കയറി, കറിക്കലത്തിന്റെ അടപ്പ് പൊക്കി നോക്കിയാണ് വെട്ടിക്കൊല. അതും, ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ നട്ടം തിരിയുന്നവരുടെ നാട്ടിൽ! കന്നുകാലികളെ പൂജിക്കാനിറങ്ങിയ കൊലയാളികളെ തരിമ്പും വിശ്വസിച്ച് പോകരുത്. അർധരാത്രിക്ക് അവർ തൊഴുത്ത് പൊളിച്ച്, രഹസ്യമായി നിങ്ങളെ അറുക്കും. മാംസം പ്രൊസ്സസ്സ് ചെയ്ത്, ടിന്നിലടച്ച്, അയൽദേശങ്ങളിലേക്ക് കടത്തും. തോലും വിൽക്കും. ബാക്കി വരുന്ന കുടലും കുളമ്പും വല്ല വിഗ്രഹങ്ങളിലും ചാർത്തിയാൽ ശത്രുസംഹാരവും ഗംഭീരമാക്കാം. പരമാധികാരത്തിന്റെ രാഷ്ട്രതന്ത്രങ്ങളിൽ മതബലിയുടെ നിവേദ്യം അപരന്റെ മാംസമാണ്." 

ഷിബുവും ഗോമതിയും സംഭ്രാന്തരായി:

"ഞങ്ങളെന്ത് ചെയ്യും, വിദ്യാധരാ? നിങ്ങളുടെ റിസർച്ച് ബുദ്ധിയിൽ വല്ല പോംവഴിയുമുണ്ടോ?"

"വ്യാധഗീതയുടെ വ്യാജപ്പതിപ്പുകൾ അണ്ടർഗ്രൗണ്ട് ലിറ്ററേച്ചറായി പരമാവധി പ്രചരിപ്പിക്കുക. കഴുത്തിൽ കത്തി വീഴുന്നതിനു മുമ്പ് അല്പം വെള്ളമെങ്കിലും കിട്ടട്ടെ ."

ഇത്രയും പറഞ്ഞ് പുൽച്ചാടി അതിന്റെ പാട്ടിന് ചാടിപ്പോയി.

ഇതികർത്തവ്യതാമൂഢരായ കന്നുകാലിദമ്പതികൾ മേച്ചിൽ നിർത്തി. ദൂരെയുള്ള വളവ് തിരിഞ്ഞ് രാമൻകുട്ടി നടന്നു വരുന്നുണ്ടായിരുന്നു. കൂടെ തലയിൽക്കെട്ടുള്ള രണ്ടുമൂന്നാളുകളുമുണ്ട്. കണ്ടിട്ട്, വിദേശരാജ്യമായ കോങ്ങാട്ടിലെ കാലിക്കച്ചവടക്കാരാണെന്ന് തോന്നുന്നു. ഷിബുവിന്റെ ചിറിയിൽ പേടിയുടെ നുര പതഞ്ഞു.

ഗോമതിയും തൊട്ടു പുറകെ ഷിബുവും അതിവേഗം മൈതാനം താണ്ടി, കല്ലുവഴി റോഡ്‌ കടന്ന്, പൂക്കാട്ടുകാവ് ലാക്കാക്കി കുതിച്ച് പായാൻ തുടങ്ങി. കനാൽവരമ്പ് വഴി വെച്ച് പിടിച്ചാൽ മല കയറി രക്ഷപ്പെടാം .

ഓടുന്നതിനിടയിൽ ഗോമതി കിതച്ചു:

"കാടേ നമുക്ക് ഗതി*."



.............................................................................................

*കുറിപ്പുകൾ 
1)  ഔചിത്യവിചാരചർച്ച: പതിനൊന്നാം നൂറ്റാണ്ടിൽ ക്ഷേമേന്ദ്രൻ 
    എഴുതിയ  കാവ്യശാസ്ത്രപുസ്തകം.
2)   Rainer Werner Fassbinder: ജർമ്മൻ സിനിമയിലെ സർഗ്ഗധനനായ ധിക്കാരി.
3)  Jacques Lacan: ഇരുപതാം നൂറ്റാണ്ടിലെ വിവിധ ആശയമണ്ഡലങ്ങളെ ആഴത്തിൽ 
     സ്വാധീനിച്ച       ഫ്രഞ്ച് മന:ശ്ശാസ്ത്രഞ്ജനും ചിന്തകനും.
4)  'കാടേ നമുക്ക് ഗതി ': 'ബകവധം' ആട്ടക്കഥയിൽ  (കോട്ടയം കൃതികൾ) 
   ധർമ്മപുത്രരോട്      അർജ്ജുനന്റെ പരിഭവം. വരികൾ അറം പറ്റിയതിനാൽ പഴശ്ശി രാജാവ് 
  കാട് കയറിയെന്ന്  പറയുന്നവരുണ്ട്‌. ഏതായാലും,  അരങ്ങിൽ ഈ ഭാഗം ആടാറില്ല .  



                                                                                                                       (Images: from the Internet)