വായില്ല്യാക്കുന്നിലപ്പൻ
നൂറ്റാണ്ടുകൾക്കു മുമ്പ് ഉജ്ജയിനിയിൽ അരങ്ങേറിയ പാപത്തിന്റെ നീക്കിയിരുപ്പാണ്. സാലഭഞ്ജികകളുടെ വജ്രമൂർച്ചയുള്ള കരിങ്കൽ മുലക്കണ്ണുുകളിലൂറുന്ന ഐതിഹ്യത്തിന്റെ കയ്പാണ്. വരരുചി എന്ന ശ്രേഷ്ഠബ്രാഹ്മണൻ ശൂദ്രർക്കു വെലക്കിയ വിഷം ചേർന്ന പാൽപായസം തലമുറകളിലൂടെ പകർച്ച കിട്ടിയതാണ്. കുടിച്ചേ തീരൂ. ആര്?
കടമ്പഴിപ്പുറം പഞ്ചായത്തിൽ, വായില്ല്യാംകുന്ന് വാർഡിൽ, ഒഴിഞ്ഞ വീട്ടിൽ, കോലായയിൽ നനഞ്ഞ തോർത്ത് വിരിച്ച്, മലർന്നു കിടക്കുന്ന അച്യുതൻകുട്ടി. എന്തിന്? പറഞ്ഞില്ലേ.... പാപഫലം.
എന്തൊരു ചൂടാണ്! മീനം അച്യുതൻകുട്ടിയുടെ രോമകൂപങ്ങളിൽ കനലാട്ടം നടത്തി. നനഞ്ഞ തോർത്ത് ഉമിത്തീ പോലെ നീറിപ്പിടിച്ചു. വേനലിന്റെ പാതയിൽ അച്യുതൻകുട്ടിയെ ദഹിപ്പിക്കാൻ കിടത്തിയിരിക്കുന്നു.
ഈ പാപത്തിന് പ്രതിവിധിയില്ലേ? ഇല്ലെന്നാണ് ഐതിഹ്യം പറയുന്നത് - ഓട്ടുരുളിയിൽ തിളച്ചു മറിയുന്ന പാൽപായസം. മുകളിൽ ഉത്തരം താങ്ങുന്ന പല്ലി. ഭാരം പേറാനാകാതെ പല്ലി പിടി വിട്ട് പാൽപായസത്തിൽ തല കുത്തി വീണു. അരിയും പാലും പഞ്ചസാരയും പല്ലിയും നന്നായി വെന്തു ചേർന്നു.
ഉരുളി കമിഴ്ത്തിയാലോ എന്ന് ഊണി ആലോചിച്ചു.
ഉരുളി കമിഴ്ത്തിയാലോ എന്ന് ഊണി ആലോചിച്ചു.
"അരുത്!" വരരുചി വിലക്കി. "മൌര്യസാമ്രാജ്യത്തിൽ നാണ്യപ്പെരുപ്പവും ക്ഷാമവുമാണ്."
പിന്നെ, ഗ്രന്ഥങ്ങൾ പരതി.
"ആ ഉരുളി ശൂദ്രന് വിളമ്പിക്കോ. അർത്ഥശാസ്ത്രത്തിൽ അനുമതിയുണ്ട്."
അച്യുതൻകുട്ടി ഐതിഹ്യത്തിന്റെ മാദകഗന്ധമുള്ള ഓലക്കെട്ടുകൾ വീണ്ടും മറിച്ചു.
പാൽപായസത്തിന്റെ മധുരം തലയ്ക്ക് പിടിച്ച് വരരുചി മയങ്ങാൻ കിടന്നു. അബോധത്തിന്റെ അടിത്തട്ടിൽ നരകപാതാളം തെളിഞ്ഞു. പാതാളത്തിൽ നിന്ന് ഒരു കൂറ്റൻ കാഞ്ഞിരം വരരുചിയുടെ ഉറക്കത്തിലേക്ക് വളർന്നു നിന്നു. കാഞ്ഞിരത്തിന്റെ ഇരുണ്ട ഇലപ്പച്ചയ്ക്കിടയിൽ, അദൃശ്യമായ പൊത്തിലിരുന്ന്, മരപ്പല്ലി ചിലച്ചു:
"പാപം! കൊടുംപാപം!!.... അനുഭവിക്കാതെ പോകില്ല. മരണാനന്തരം നിന്നെ ഈ കാഞ്ഞിരത്തിൽ ചങ്ങലയ്ക്കിടും. പല്ലികളെ പച്ചയ്ക്കു തിന്ന് മറുലോകത്ത് പുലരാനാണ് നിനക്കു വിധി."
"പാപം! കൊടുംപാപം!!.... അനുഭവിക്കാതെ പോകില്ല. മരണാനന്തരം നിന്നെ ഈ കാഞ്ഞിരത്തിൽ ചങ്ങലയ്ക്കിടും. പല്ലികളെ പച്ചയ്ക്കു തിന്ന് മറുലോകത്ത് പുലരാനാണ് നിനക്കു വിധി."
വരരുചി ഞെട്ടിയുണർന്നു: "പ്രതിവിധിയില്ലേ?"
"ഇല്ല. നീ പറച്ചിയെ വേൾക്കും. അവൾ ഭ്രാന്തനേയും ഊമയേയും ഉപ്പു തിന്നുന്നവനേയും മുറം കുത്തുന്നവനേയും പെറും. അവരുടെ വംശം പെരുകും." പല്ലി വരരുചിയുടെ മാറിലെ രോമങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന്, പുള്ളികളുള്ള നാവ് നീട്ടി, അയാളുടെ ചുണ്ടിലും പല്ലുകളിലും അവശേഷിക്കുന്ന മധുരം നക്കിയെടുത്തു.
വംശപാപത്തിന്റെ സൂര്യാഘാതമേറ്റ്, സർവ്വാഗം തളർന്ന്, അച്ചുതൻകുട്ടി കിടക്കുന്നു.
പ്രശ്നം വച്ചു. കുരുതി നടത്തി. മാടനും മറുതയ്ക്കും കള്ള് കൊടുത്തു. ചുവന്ന പട്ടുടുപ്പിച്ച് കളത്തിലിരുത്തി പാട്ട് കഴിപ്പിച്ചു. പഴുപ്പിച്ച ഇരുമ്പുകമ്പി തുടകളിൽ വച്ചു. ഫലമില്ല.
പ്രശ്നം വച്ചു. കുരുതി നടത്തി. മാടനും മറുതയ്ക്കും കള്ള് കൊടുത്തു. ചുവന്ന പട്ടുടുപ്പിച്ച് കളത്തിലിരുത്തി പാട്ട് കഴിപ്പിച്ചു. പഴുപ്പിച്ച ഇരുമ്പുകമ്പി തുടകളിൽ വച്ചു. ഫലമില്ല.
ഭൂതകാലത്തിന്റെ പ്രാചീനാന്ധകാരത്തിൽ, ഐതിഹ്യങ്ങളുടെ നിബിഡവനാന്തരങ്ങളിൽ തപ്പിത്തടഞ്ഞ് അച്ചുതൻകുട്ടിയുടെ ഓർമ്മകൾ പൊട്ടിത്തെറിച്ചു. തകർന്ന ഭ്രൂണങ്ങളുടെ മഞ്ഞജലം പരന്ന കാഴ്ചയിൽ അവൻ ജന്മപുരാണമെടുത്ത് പകുത്തു. ഏഴു വരിയും ഏഴക്ഷരവും തള്ളി വായിച്ചു.
അച്ഛൻ നാരായണഗുപ്തൻ. അമ്മ കുഞ്ഞൂട്ടി ചെട്ടിച്ചാർ. നാരായണഗുപ്തൻ കുഞ്ഞൂട്ടിയെ ഉഴുതുമറിച്ച്, ചാലു കീറി വിത്തെറിഞ്ഞപ്പോൾ വിളഞ്ഞത് പടുമുള അച്ചുതൻകുട്ടി. പിറവിയിൽ മുക്കോടിന്റെ വിടവിലിരുന്ന് മരപ്പല്ലി വീണ്ടും ലക്ഷണം പറഞ്ഞു: "ഇവൻ ഇരുപത്തിനാലാം വയസ്സിൽ ഊമയാകും."
നാരായണഗുപ്തന് പലചരക്ക് കടയായിരുന്നു. വായില്ല്യാംകുന്നിലെ ഹരിജൻകോളനിയുടെ ഹീനമായ കുടലുകളിൽ നാരായണഗുപ്തന്റെ അരിയും പരിപ്പും എണ്ണയും ദഹിക്കാതെ കിടന്നു. അരിയിൽ പൊടിച്ച വെള്ളാരങ്കല്ല്. തുവരപ്പരിപ്പിൽ കേസരിപ്പരിപ്പ്. വെളിച്ചെണ്ണയിൽ റബ്ബർക്കുരുവിന്റെ എണ്ണ.
കൊത്തമ്പാലയിൽ ഊരകക്കായ. മഞ്ഞളിൽ മഞ്ഞക്കാവി. മുളകുപൊടിയിൽ ചെങ്കൽപ്പൊടി.
ഹരിജൻ കോളനിയിലെ കുട്ടികളുടെ കറുത്ത കോശങ്ങൾ ചീർത്ത് സമ്പുഷ്ടമായി. പല്ലുകൾ മഞ്ഞച്ച് സ്വർണ്ണപല്ലുകളായി. മോണകൾ പഴുത്തു. സ്വർണ്ണപ്പല്ലുകൾ കൊഴിഞ്ഞു. കഴുത്തിലെ പേശികൾ സിമന്റ് പോലെ ഉറച്ചു. സ്വനഗ്രന്ഥി പൊട്ടി കരച്ചിൽ നഷ്ടപ്പെട്ടു. കുട്ടികൾ ഒന്നൊന്നായി ചത്തടിഞ്ഞ് വായില്ല്യാംകുന്നിൽ ഹരിജന് വംശനാശം സംഭവിച്ചു.
ഒറ്റപ്പാലത്തു നിന്നും വന്ന ഫുഡ് ഇൻസ്പെക്ടർ കടയടച്ച് മുദ്ര വെച്ചു. നാരായണഗുപ്തനെ കാൺമാനില്ല.
നാരായണഗുപ്തൻ കാശിക്ക് പോയിട്ടുണ്ടാകുമെന്ന് അച്ചുതൻകുട്ടി നിരൂപിച്ചു. നടകൾ ചവിട്ടി, പുണ്യതീർത്ഥങ്ങൾ മുങ്ങി, ദേശാടനത്തിലായിരിക്കും. നാരായണഗുപ്താ, താങ്കൾ പറച്ചിയെ കെട്ടും. അവളിലൂടെ അച്ചുതൻകുട്ടിമാരുടെ കുലം തുടർന്നുപോകും. പൂട്ടിയ ചുണ്ടുകൾക്കു പിറകിൽ അച്ചുതൻകുട്ടി നിശ്ശബ്ദമായി ചിരിച്ചു.
ഉഷ്ണം കൂടുകയാണ്. തലച്ചോറ് ഉരുളിയിലെ പായസം പോലെ തിളച്ചു മറിയുകയാണ്. അമ്മേ... തൊണ്ട നനയ്ക്കാൻ ഇറ്റ് വെള്ളം തായോ... അവൻ ഞെരങ്ങി.
ഉഷ്ണം കൂടുകയാണ്. തലച്ചോറ് ഉരുളിയിലെ പായസം പോലെ തിളച്ചു മറിയുകയാണ്. അമ്മേ... തൊണ്ട നനയ്ക്കാൻ ഇറ്റ് വെള്ളം തായോ... അവൻ ഞെരങ്ങി.
പക്ഷെ, അമ്മയെവിടെ? പറങ്കിമൂച്ചിക്കാട്ടിൽ, മീനവെയിലിന്റെ ചുളിഞ്ഞ വിരിയുള്ള ചരൽമെത്തയിൽ, നഗ്നയായ കുഞ്ഞൂട്ടി. അടുക്കളയുടെ പുറകിലും തട്ടിൻപുറത്തും തൊഴുത്തിലും വളക്കുഴിയിലും വാഴക്കൂട്ടത്തിലും പുളിമാവിന്റെ കൊമ്പിലും പതുങ്ങിയിരിക്കുന്ന കുഞ്ഞൂട്ടിയുടെ ജാരന്മാർ. ഒരു ദിവസം അവർ അച്ചുതൻകുട്ടിയെ കൊല്ലും.
വേളിയെ മടിയിൽ കിടത്തി, പ്രേമപൂർവ്വം പേൻ നോക്കുകയായിരുന്നു വരരുചി. നെറുകയിൽ ആണിപ്പഴുത്!
"ഇതെങ്ങിനെ വന്നു?"
"ഓർമ്മയില്ലേ?" പറച്ചി ചിരിച്ചു: "പിറന്നപ്പോൾ കൊല്ലാൻ തറച്ചതാണ്."
വരരുചിക്ക് എല്ലാം ഓർമ്മ വന്നു: "എന്നാൽ പോകാം."
"പോകാം."
കാടും മേടും കയറിമറഞ്ഞ് , കുറ്റിക്കാടുകളിലെ ഇല്ലാവഴികളിൽ ചവിട്ടി, പന്ത്രണ്ടു വർഷത്തെ പലായനം. പ്രവാസത്തിന്റെ പാതച്ചാലുകളിൽ കിടന്ന് പറച്ചി പന്ത്രണ്ട് പെറ്റു.
"കുട്ടിക്ക് വായുണ്ടോ?"
"ഉണ്ട്."
"എന്നാലവിടെയിട്ടോ, വാ കീറിയ ദൈവം ഇരയും നല്കും."
ദീർഘയാത്രയിൽ അവർ കൈമാറിയ ഒരേയൊരു സംഭാഷണം അതായിരിക്കുമെന്ന് അച്ചുതൻകുട്ടിക്ക് തോന്നി.
ദീർഘയാത്രയിൽ അവർ കൈമാറിയ ഒരേയൊരു സംഭാഷണം അതായിരിക്കുമെന്ന് അച്ചുതൻകുട്ടിക്ക് തോന്നി.
അച്ചുതൻകുട്ടി ഇരപിടിക്കുന്നതിനു വേണ്ടി ട്യൂട്ടോറിയലിൽ പഠിപ്പിച്ചിരുന്നു .
"മാഷേ... മഞ്ജരിയുടെ ലക്ഷണമെന്താണ്?"
"ശ്ലഥകാകളി വൃത്തത്തിൽ..."
അച്ചുതൻകുട്ടി ശിഷ്യർക്കിടയിൽ സ്തംഭിച്ചു നിന്നു. മഞ്ജരിയുടെ ലക്ഷണം മറന്നുപോയി.
അതായിരുന്നു തുടക്കം.
"നീ ഇപ്പോൾ ട്യൂട്ടോറിയലിൽ പോകുന്നില്ലേ?"
"ഇല്ല."
"അതെന്താ?"
"മഞ്ജരിയുടെ ലക്ഷണം അറിയില്ല."
"ങേ !"
"ഉം."
ജന്മനക്ഷത്രം ഇരുപത്തിനാലാം കളത്തിലേക്ക് അടുക്കുംതോറും അച്ചുതൻകുട്ടി നിശ്ശബ്ദനായി വന്നു. പീടികത്തിണ്ണകളിലേയും കവലകളിലേയും സംഭാഷണങ്ങളിൽ നിന്ന് അവൻ ഒഴിഞ്ഞു മാറി. നിർബന്ധിക്കുമ്പോൾ ഒന്നോ രണ്ടോ വാക്കിൽ കാര്യം പറഞ്ഞു. ഒടുവിൽ വെറും മൂളലായി മാറി.
"അച്ചുതൻകുട്ടിയെ ഈയിടെ വായനശാലയിലൊന്നും കാണാറില്ലല്ലോ?"
"ഉം."
"നവലോക ക്രമത്തിലെ ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ച് ചർച്ചയുണ്ട് . അച്ചുതൻകുട്ടി വരണം."
"ഉം"
അവൻ നടന്നു.
"അച്ചുതൻകുട്ടി നാല് കമ്മിറ്റികളിൽ ഹാജരായില്ല."
"ഉം."
"ഞങ്ങൾക്ക് നടപടിയെടുക്കേണ്ടി വരും."
"ഉം."
അച്ചുതൻകുട്ടി വേറൊരു വഴിക്ക് നടന്നു.
അരക്കെട്ടിലെ അശാന്തമായ ജ്വാലയിൽ അണലിയെ പോലെ ചുറ്റിക്കിടന്ന് അവൾ ചോദിച്ചു: "എന്നെ ഇഷ്ടമാണോ?"
"ഉം."
"എനിക്ക് ഇഷ്ടമാണ്."
"ഉം."
"മൂളിയാൽ മതിയോ?"
"ഉം."കൂമനെ പോലെ മൂളി, പകൽ വെളിച്ചത്തിൽ കണ്ണ് കാണാതെ, അച്ചുതൻകുട്ടി തപ്പിത്തടഞ്ഞു നടന്നു. മൂളി മൂളി ക്ഷീണിച്ചപ്പോൾ മൂളലും നിർത്തി വച്ചു.
"എന്താ കുട്ട്യേ... മുഖത്തൊരു വല്ലായ്മ?"
....
"ചോദിച്ചതിന് ഉത്തരം പറഞ്ഞൂടെ?"
....
ചോദിച്ചതിനൊന്നും അച്ചുതൻകുട്ടി ഉത്തരം പറഞ്ഞില്ല.
പ്രണയത്തിൽ, ഇടവഴിയിലെ കുശലാന്വേഷണത്തിൽ, വായനശാലയിൽ, കമ്മിറ്റിയിൽ അവന് വാക്കില്ലാതായി.
"എടാ, നമ്മടെ അമ്മാളു കിണറ്റിൽ ചാടി... ശവം കേറ്റാൻ പോലീസ് വന്നിട്ടുണ്ട്. നമുക്ക് കാണാൻ പോണ്ടേ?"
"അറിഞ്ഞോ... വടക്കേലെ കൃഷ്ണൻ ഒളിച്ചോടി."
"പ്രഭാകരനെ ഇന്നലെ രാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കി മറ്റേ കൂട്ടര് വെട്ടിക്കൊന്നു."
"കാളിയുടെ ചെക്കൻ ചത്തു...പട്ടിണ്യാത്രേ!"
അനാഥശവമായി, അയൽവീട്ടിലെ ഭ്രാന്തിയുടെ അലർച്ചയായി, ലോക്കപ്പ് മരണമായി, കത്തുന്ന വീടായി നിശ്ശബ്ദത അച്ചുതൻകുട്ടിയിൽ വളർന്നു. ഉയരത്തിലെ ഒറ്റക്കൊമ്പിൽ, വിറയ്ക്കുന്ന കൈകൾ ഒരുക്കുന്ന കയറിൻകരുക്കായി, നിശ്ശബ്ദത അവന്റെ തൊണ്ടയിൽ മുറുകി. അതോടെ വാക്ക് അവനിൽ നിന്നും വിട്ടു നിന്നു.
വാക്കില്ലായ്മയിലൂടെ വിധവകളും കൊലചെയ്യപ്പെട്ടവരുടെ കൊച്ചുകുട്ടികളും വിശന്നു ചത്ത കുഞ്ഞുങ്ങളുടെ അമ്മമാരും അച്ചുതൻകുട്ടിക്കു നേരെ വിരൽചൂണ്ടി. കുറ്റപ്പെടുത്താൻ ചൂണ്ടുന്ന വിരലുകളുടെ എണ്ണം കൂടുമ്പോൾ അച്ചുതൻകുട്ടി ഭയന്നു. ഭയത്താൽ പേപിടിച്ച്, ഇടവഴികളും വേലികളും ചാടിമറിഞ്ഞ്, അറ്റക്കഴായകൾ എടുത്തുചാടി, അവൻ ഓടി. ഓടിയോടി കിതച്ചപ്പോൾ അമ്പലക്കുളത്തിന്റെ കല്പടവുകളിൽ ചെന്നിരുന്നു.
നട്ടുച്ച. അമ്പലമുറ്റവും കുളക്കടവും ആളൊഴിഞ്ഞു കിടന്നു. നോക്കിയിരിക്കെ, അരയാലിലകൾ സാവധാനം നിശ്ചലമായി. കാറ്റ് നിലച്ചു.
കുളക്കരയിലെ കൈതകളും തെച്ചിക്കാടുകളും വെറുങ്ങലിച്ചു. അമ്പലക്കുളത്തിൽ ജലം നിഗൂഢമായി തിളങ്ങി. ജലവിതാനം പച്ചസ്ഫടികമായി.
പെട്ടന്ന്, നട്ടുച്ചയുടെ ആകാശത്ത് സൂര്യൻ എങ്ങോ പാളി മറഞ്ഞ് ഇരുട്ട് വീണു. കൽവിളക്കിലെ തിരികൾക്ക് സ്വയം തീ പിടിച്ചു. പാലകൾ തരിച്ചു പൊട്ടി, പൂക്കൾ വിടർന്ന് രൂക്ഷഗന്ധം പരന്നു. കൊട്ടത്തറിയുടെ തൊലി പൊളിഞ്ഞ് ചറമൊഴുകി.
ജലത്തിന്റെ മധ്യഭാഗം പിളർന്ന് വായില്ല്യാക്കുന്നിലപ്പൻ ഉയർന്നു വന്നു. ഒരു നൊടിനേരത്തെ ദർശനം. അകാലപ്രസവത്തിൽ ഉറയ്ക്കാതെ പോയ കണ്ണും മൂക്കും കൈകാലുകളുമുള്ള മൂർത്തിരൂപം. വായയുടെ സ്ഥാനത്ത് ഇറച്ചിത്തുണ്ടം പറ്റിപ്പിടിച്ച് നിന്നു. വായില്ല്യാക്കുന്നിലപ്പൻ തോലുറയ്ക്കാത്ത കൊച്ചു കൈകൾ നീട്ടി, അച്ചുതൻകുട്ടിയുടെ നെറുകയിൽ തൊട്ടനുഗ്രഹിച്ചു.
കുളക്കടവിൽ ബോധമറ്റ് കിടന്ന അച്ചുതൻകുട്ടിയെ, ആളുകൾ താങ്ങിയെടുത്താണ് വീട്ടിലെത്തിച്ചത്.
അങ്ങിനെ ഇരുപത്തിനാലാം പിറന്നാളിൽ അച്ചുതൻകുട്ടി ഊമയായി.
നടന്നു നടന്ന് കടമ്പഴിപ്പുറത്തെത്തിയപ്പോൾ ഇരുട്ടായിരുന്നു. പാതിരാവിലാണ് പറച്ചിക്ക് ഈറ്റ്നോവെടുത്തത് . കാരമുൾക്കൂട്ടത്തിൽ പെറാൻ കിടക്കുമ്പോൾ ഈ കുഞ്ഞിനെയെങ്കിലും വളർത്തണമെന്ന് അവൾ ആഗ്രഹിച്ചു.
"കുട്ടിക്ക് വായുണ്ടോ?"
"ഇല്ല."
"എന്നലവിടെയിട്ടോ. വാ കീറാത്തവന് ഇര വേണ്ട."
കുഞ്ഞിന് വായ ഇല്ലായിരുന്നു. പെറ്റു വീണപ്പോൾ കരഞ്ഞില്ല. മുല കുടിച്ചില്ല. നാക്കും വാക്കുമില്ല. ജീവിക്കാൻ ഇര തേടേണ്ട. അവൻ ഉഗ്രമൂർത്തിയാണ്. വായില്ല്യാക്കുന്നിലപ്പനാണ്.
നിദ്രാവിഹീനതയുടെ ഇടവേളകളിൽ വായില്ല്യാക്കുന്നിലപ്പൻ അച്ചുതൻകുട്ടിയുടെ ഉൾക്കണ്ണ് ഭേദിച്ച് വീണ്ടും വീണ്ടും പ്രത്യക്ഷമായി. ഓരോ ദർശനത്തിലും അച്ചുതൻകുട്ടി യാചിച്ചു: പോ പോ... ദൈവമേ. എന്നെ ഉപേക്ഷിച്ച് ദൂരെപ്പോ....
ഇല്ല. വായില്ല്യാക്കുന്നിലപ്പന്റെ കനത്ത വായ നിശ്ശബ്ദമായി പറഞ്ഞു: ഞാൻ നിന്റെ മൂർത്തിയാണ്. നിന്നെപ്പോലെ വാക്ക് നഷ്ടപ്പെട്ടവരുടെ... ഉച്ചാരണമില്ലാത്തവരുടെ... ഭരദേവതയാണ്.
ദൈവത്തിന്റെ വായയുടെ സ്ഥാനത്തുള്ള ചോര പുരണ്ട ഇറച്ചിക്കക്ഷണം പൊട്ടിച്ചിരിക്കുന്നതുപോലെ കമ്പനം ചെയ്തു.
അച്ചുതൻകുട്ടി അബോധത്തിന്റെ ഒച്ചയില്ലാതൊഴുകുന്ന ജലത്തിൽ, ദിശയില്ലാതെ തുഴഞ്ഞു. വാക്കുകളുടെ ഒച്ച ദൈവത്തിനു നിവേദിക്കപ്പെട്ടു. ബാക്കിയായത് ഓർമ്മകളുടെ മൂകഭാഷ. അതിന്റെ വിചിത്രരൂപകങ്ങളിൽ മുഴുകി അച്ചുതൻകുട്ടി രാവും പകലും കോലായയിൽ മലർന്നു കിടന്നു.
അങ്ങിനെയങ്ങിനെ ഒരു ഓർമ്മയുണ്ടായി. ഒന്നാംക്ലാസ്സിൽ ആദ്യാക്ഷരം കോറുമ്പോൾ വീണു പൊട്ടിയ സ്ലേറ്റിന്റെ ഓർമ്മ. നുറുങ്ങിയ കറുത്ത സ്ലേറ്റുപൊട്ടുകളിൽ ആദ്യത്തെ 'റ' ചിതറിക്കിടക്കുന്നു.
ഇപ്പോൾ സ്മരണകളുടെ മൂകവ്യാകരണവും വറ്റുകയാണ്. ഓർമ്മകളെ കൂട്ടിപ്പിടിച്ചുനിർത്തിയ ഘടന തകരാൻ തുടങ്ങി. അർത്ഥം സദാ വഴുതുന്ന ദമിത സൂചിതമായി.
അച്ചുതൻകുട്ടി ഓരോ വാക്കുകളായി മറന്നു.
തറ, പറ, മുറം, ശ്ലഥകാകളി, ഉജ്ജയിനി, ഐതിഹ്യമാല, പാൽപായസം, കാഞ്ഞിരം, ഗൌളി, വെള്ളാരങ്കല്ല്, മീനം, ഫാസിസം, ആലില, നടപടി, സ്ഫടികം, സൂര്യൻ, ഞാൻ- അറിഞ്ഞ ഒരോ വാക്കും അച്ചുതൻകുട്ടിയെ ഉപേക്ഷിച്ചു.
ആദ്യപാഠം മറന്നു. പിന്നെ അമ്പത്താറക്ഷരങ്ങൾ ഒന്നൊന്നായി പ്രജ്ഞയിൽ നിന്ന് മാഞ്ഞുപോയി. 'റ' മാഞ്ഞു... 'ള' മാഞ്ഞു... കുഞ്ഞിക്കാലടികൾ പുറകോട്ടു പിച്ച വെയ്ക്കുകയാണ്.
മീനവെയിൽ കോലായയിൽ വിലങ്ങനെ വീഴുമ്പോൾ 'അ' അവശേഷിച്ചു.
സാവധാനം 'അ'യുടെ ചുളിവുകളും വളവുകളും നിവർന്നു.
അത് ഒരു വരയായി.
.........
വര അഗ്രബിന്ദുക്കളിൽ നിന്ന് ചുരുങ്ങി വന്ന് ബിന്ദുവായി. ബിന്ദു അവ്യക്തമായി.
ഓർമ്മയും ചിന്തയും ഭാഷയും അവസാനിച്ച അച്ചുതൻകുട്ടിയുടെ സത്ത മീനച്ചൂടായി, ശൂന്യതയായി, സർവ്വരഹിതമായി പാറിക്കിടന്നു.
അന്നേരം തലച്ചോറ് ലാവപോലെ തണുത്തുറഞ്ഞു. ശിരസ്സും കഴുത്തും മാറിടവും കൈകാലുകളും മുടിയും നഖവും ലിംഗവും ഖരീഭവിച്ചു. നാവും ചെറുനാവും ശിലാഖണ്ഡങ്ങളായി. അച്ചുതൻകുട്ടി നാമരൂപമില്ലാത്ത കല്ലായി.
അത് കൃഷ്ണശിലയിൽ കൊത്തിയെടുത്ത വായില്ല്യാക്കുന്നിലപ്പന്റെ വിഗ്രഹമായി.

No comments:
Post a Comment